Latest News
Loading...

നിലംനികത്തല്‍. ആശങ്ക പ്രകടിപ്പിച്ച് മീനച്ചില്‍ നദീസംരക്ഷണസമിതി

നിലം നികത്തുന്നതിനും തരം മാറ്റുന്നതിനുമുള്ള അപേക്ഷകളില്‍ നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വ്യാപക കയ്യേറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആക്ഷേപം. നിലം നികത്തിയ ഇടങ്ങളിലെ അവസ്ഥ എന്തെന്ന് പഠിക്കാതെയോ അവഗണിച്ചോ കൂടുതല്‍ നിലം തിടുക്കപ്പെട്ടു നികത്തുന്നത് കേരളത്തിന് ആത്മഹത്യാപരം ആയിരിക്കുമെന്ന് മീനച്ചില്‍ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍ പറഞ്ഞു. 



.പെട്ടെന്ന് തീരുമാനമെടുക്കുന്നത് മൂലം നിലം നികത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടികാട്ടാനോ തടസ്സവാദമുന്നയിക്കാനോ അധികമാരും ഉണ്ടാവില്ല. തീരുമാനങ്ങള്‍ ഏകപക്ഷീയവും മുന്‍കൂട്ടിക്കാണാവുന്നതും തന്നെ ആയിരിക്കും. നിലം നികത്തല്‍ തെറ്റാണെന്ന് അറിയുന്നവര്‍ പോലും തങ്ങളുടെ ചുറ്റുവട്ടത്തില്‍ ഇടപെടാനും തയ്യാറായെന്നു വരില്ല. മീനച്ചില്‍ നദീതടത്തില്‍ കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മറ്റക്കര തുടങ്ങി നിരവധിയിടങ്ങളില്‍ നല്ല ഒരു മഴ പെയ്താല്‍ വെള്ളക്കെട്ടാവുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വെള്ളക്കെട്ടിന്റെ കാരണം ഔദ്യോഗികമായി കണ്ടെത്താറുള്ളത് ഓട അടഞ്ഞതുകൊണ്ട് വെള്ളം ഉയര്‍ന്നു എന്ന മട്ടിലുമാണ്.


.നിലവും നീരിടങ്ങളും നികത്തുന്നവരല്ല ദുരിതമനുഭവിക്കുന്നത്, പൊതു സമൂഹമാണ്. യഥാര്‍ത്ഥ കാരണം മറച്ചുവച്ചുകൊണ്ടുള്ള പരിഹാരക്രിയകളാവട്ടെ , പൊതുമുതലിന്റെ ദുര്‍വ്യയം മാത്രവുമാകും. മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ അന്വേഷണങ്ങളില്‍ നിലവും നീരിടങ്ങളും നികത്തിയതിന്റെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് പരക്കെ കണ്ടെത്തിയത്.  കേരളത്തിലെ ഒരു ഇടത്തരം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മഴവെള്ളവും മലിനജലവും ഒഴുക്കുന്നത് ,കൃഷിക്കാര്‍ ഇപ്പോഴും നെല്‍ക്കൃഷിക്ക് വെള്ളംകൊണ്ടുപോകുന്ന, ഒന്നരയടി മാത്രം വീതിയുള്ള ,ഇറിഗേഷന്‍ കനാലിലേയ്ക്കാണ് എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സത്യമാണ്. നിലം നികത്തുകയല്ല, നികത്താതിരിക്കുക ആവണം കേരളത്തിന്റെ നയം. ഒരു ദിവസം കൊണ്ട് നികത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു നൂറ്റാണ്ടുകൊണ്ടും പരിഹരിക്കാനായെന്നു വരില്ല. കേരളം നിലനില്‍ക്കണമെങ്കില്‍ നിലങ്ങളും നീരിടങ്ങളും ഉണ്ടാവണം. ഇതിനകം പലപേരില്‍ നികത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ പരസ്യപ്പെടുകതന്നെ വേണം. വീഴ്ചകള്‍ മറച്ചുവച്ച് കരകയറാനാവാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത് അവസാനിപ്പിക്കണം.  വയലുകള്‍ നികത്തുന്നത് അവസാനിപ്പിച്ച്, ഇതിനകം നികത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താന്‍ തയാറാവണമെന്നും മീനച്ചില്‍ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു.