Latest News
Loading...

ഈരാറ്റുപേട്ട KSRTC ഡിപ്പോ പ്രവർത്തനം കാര്യക്ഷമമാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം ഒരു നിലയിലും മന്ദീഭവി പ്പിക്കാനും, കുറവ് വരുത്താനും അനുവദിക്കുകയില്ല എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിൽ സർവീസുകളുടെ എണ്ണം കുറവ് വന്നത് സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ലാഭകരമല്ലാത്ത ട്രിപ്പുകൾ കെഎസ്ആർടിസി നിർത്തലാക്കുന്ന പൊതുനയത്തിന്റെ ഭാഗമായും, കൂടാതെ ചില റോഡുകൾ ഒരു നിലയിലും ഗതാഗത യോഗ്യമല്ലാത്തതിനാലുമാ ണ് ട്രിപ്പുകൾ റദ്ദാക്കാൻ ഇട വന്നിട്ടുള്ളത് എന്ന് അറിയിക്കുകയുണ്ടായി. 



ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരമാവധി ട്രിപ്പുകൾ പുനസ്ഥാപിക്കും എന്നും, അതോടൊപ്പം കൂടുതൽ സർവീസുകൾ ആരംഭിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം മുതൽ കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസുകൾ ഈരാറ്റുപേട്ട ഡിപ്പോയിൽ അനുവദിക്കുകയും, അതുവഴി യാത്രാക്ലേശം രൂക്ഷമായിട്ടുള്ള എല്ലാ പ്രദേശങ്ങളിലും കെഎസ്ആർടിസി സർവീസ് ഉറപ്പുവരുത്തുകയും ചെയ്യും. ഡിപ്പോയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കാനും, ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 18-)0 തീയതി രാവിലെ 11:30ന് വ്യാഴാഴ്ച ഡിപ്പോയിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 

.യോഗത്തിൽ കെഎസ്ആർടിസി എറണാകുളം സോണൽ മാനേജർ ഷറഫ് മുഹമ്മദ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എസ്. രമേശ്‌, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ. റ്റി. അഭിലാഷ് കുമാർ, കെഎസ്ആർടിസിയിലെ വിവിധ യൂണിയൻ പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്നും, യോഗത്തിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് പരിഹാരമാർഗ്ഗങ്ങൾ നിശ്ചയിച്ച് കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം കാര്യക്ഷമമാക്കും എന്നും എംഎൽഎ അറിയിച്ചു.

Post a Comment

0 Comments