Latest News
Loading...

ഫുഡി വീല്‍സ് സംസ്ഥാനത്തുടനീളം ആരംഭിക്കും : മന്ത്രി മുഹമ്മദ് റിയാസ്

വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം കായലോരത്ത്  കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീല്‍സ് ഭക്ഷണശാല  ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ്ആര്‍ടിസിയുടെ ഉപയോഗ ശൂന്യമായ എല്ലാ ബസുകളെയും ടൂറിസത്തിന്റെ  ഭാഗമാക്കാനാണ് തീരുമാനം .ജനപങ്കാളിത്തത്തോടെ  നടപ്പിലാക്കിയ പെപ്പര്‍ പദ്ധതിയുടെ ഭാഗമായി അന്തര്‍ദേശീയ ടൂറിസം ഡെസ്റ്റിനേഷനില്‍ ഇടം നേടിയ വൈക്കത്തിന്റെ ടൂറിസം സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഫുഡി വീല്‍സ് പോലുള്ള നവീന സംരംഭങ്ങള്‍ക്ക്  സാധിക്കും. വൈക്കത്തിന്റെ പൈതൃക കാഴ്ച്ചകള്‍ക്കൊപ്പം നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്രസമരപോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്നേകാൻ  കഴിയണമെന്നും അദ്ദേഹംപറഞ്ഞു.



. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഉള്ള  കായലോരപ്രദേശങ്ങളില്‍ ഗതാഗത യോഗ്യമല്ലാത്ത  ബസുകള്‍ നവീകരിച്ചുള്ള  സംരംഭങ്ങള്‍ക്ക് വൻ സാധ്യതയാണുള്ളതെന്ന്  ചടങ്ങിലെ  മുഖ്യാതിഥി  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.  സി.കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രഞ്ജിത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പുഷ്പ മണി, ഉത്തരവാദിത്വ ടൂറിസം മിഷൻ  സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ , വാര്‍ഡ് അംഗം ബിന്ദു ഷാജി എന്നിവര്‍ പങ്കെടുത്തു. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍  കൃഷ്ണതേജ  സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ ജി.എസ് രാജ് മോഹന്‍ നന്ദിയും പറഞ്ഞു. 

ഫുഡി വീല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. എന്‍ജിനീയറിംഗ് വിഭാഗം നിര്‍മിച്ച ഭക്ഷണശാല ഏഴ് മാസം കൊണ്ടാണ്   നിര്‍മാണം പൂര്‍ത്തീകരിച്ചത്. 40 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കണ്ടം ചെയ്ത ബസാണ് രൂപമാറ്റം വരുത്തി ഡബിള്‍ ഡെക്കര്‍ ആക്കിയത്. 20 ഇരിപ്പിടങ്ങളുള്ള താഴത്തെ നില പൂര്‍ണമായും ശീതീകരിച്ചതാണ്. 24 ഇരിപ്പിടങ്ങളുള്ള മുകളിലത്തെ നില ഓപ്പണ്‍ ഡെക്ക് മാതൃകയിലാണുള്ളത്. സമീപമുള്ള പുല്‍ത്തകിടിയിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലയ്ക്ക് സമീപമാണ് പുതിയ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്‌ലറ്റ് സൗകര്യമടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Post a Comment

0 Comments