Latest News
Loading...

കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചു; ബൈപ്പാസ് പൂർത്തീകരണം യാഥാർത്ഥ്യമാകുന്നു


പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിൻ്റെ ഭാഗമായി കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മണ്ണ് നീക്കാനുള്ള നടപടികൾക്കും തുടക്കം കുറിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ലേല നടപടികൾ പൂർത്തീകരിച്ചു കൈമാറിയ കെട്ടിടങ്ങൾ പൊളിക്കാൻ ഇന്നലെ ആരംഭിച്ചു. ളാലം പള്ളി മുതൽ സിവിൽ സ്‌റ്റേഷൻ വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുടക്കമിട്ടത്.

പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിൻ്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ് തുടക്കംകുറിച്ചത്. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി..2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.


.2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.

നോട്ടീസ് ലഭിച്ച സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ചു നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ മന്ദീഭവിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ ഇതിനായി നിലകൊണ്ടതോടെ നടപടികൾ പുന:രാരംഭിക്കുകയായിരുന്നു.

.തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ ഒച്ചിഴയും വേഗത്തിലാണെങ്കിലും പദ്ധതി അവസാനഘട്ടത്തിലെത്തിക്കുകയായിരുന്നു.