Latest News
Loading...

പാർട്ടി വിട്ടത് വിടുപണി ചെയ്യ്തവർ: യൂത്ത് കോൺഗ്രസ്

 കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേർന്ന പാർട്ടി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് നേതാവിനൊപ്പം ചേർന്ന് പാറമട ലോബിയോട് കൈക്കൂലി വാങ്ങി ജനങ്ങളെ ഒറ്റുകൊടുത്ത വരാണ് പാർട്ടി മാറിയിരിക്കുന്നത് എന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് രാമപുരം കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കേരള ബാങ്കിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ഭീമമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട് എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. 



.അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇവരിൽ പലരേയും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്തിയിട്ട് ഉള്ളവരാണ് എന്ന് യൂത്ത് കോൺഗ്രസ് തങ്ങളുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് വിഷ്ണു കൂടപ്പുലം ആണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

 *പ്രസ്താവനയുടെ പൂർണരൂപം:* 

"രാമപുരത്ത് അനധികൃത പാറമട വിഷയം ഉണ്ടായപ്പോൾ, ജന താൽപര്യങ്ങൾക്ക് വിരുദ്ധമായി പാറമട ലോബിയോട് കൈക്കൂലി വാങ്ങിയതിൻറെ പേരിൽ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജി വെക്കേണ്ടി വന്ന കേരള കോൺഗ്രസ് നേതാവിന് കുട പിടിച്ചവരാണ് ഇപ്പോൾ കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസിലേക്ക് മാറി എന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാമപുരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയ സംഘടനയാക്കി മാറ്റിയവർ ചേരേണ്ടിടത്ത് തന്നെയാണ് ഇപ്പോൾ ചേർന്നിരിക്കുന്നത്.  

.ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല മറിച്ച് കൃത്യമായ കച്ചവടമാണ് നടന്നിരിക്കുന്നത്. കേരള ബാങ്കിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നിട്ടുണ്ട്. അഴിമതിയുടെ കറ പുരണ്ടു എന്ന ആരോപണം ഉയർന്നപ്പോൾ പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരും, തദ്ദേശ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടവരും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയിൽ നിന്നും പണം വാങ്ങി യുഡിഎഫിനെയും കോൺഗ്രസിനെയും ഒറ്റുകൊടുത്തവരുമാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടി മാറി എന്ന അവകാശവാദം ഉന്നയിക്കുന്നത്.  

തങ്ങളുടെ അഴിമതിക്കഥകൾ പാർട്ടിയിൽ ചർച്ചയാകുകയും പുനസംഘടന വരുമ്പോൾ സ്ഥാനമാനങ്ങൾ ലഭിക്കില്ല എന്ന് ഉറപ്പുവരുകയും ചെയ്തപ്പോഴാണ് ഇവർ പാർട്ടി മാറിയത്. പാലായിലും പരിസരപ്രദേശങ്ങളിലും കേരള കോൺഗ്രസിന് വിടു പണി ചെയ്തു കോൺഗ്രസ്സിനെ ദുർബലപ്പെടുത്തിയ ആളുകൾ പിരിഞ്ഞു പോകുന്നതുകൊണ്ട് പാർട്ടിക്ക് യാതൊരുവിധ നഷ്ടങ്ങളും സംഭവിക്കുകയില്ല എന്ന ഉത്തമബോധ്യം ഞങ്ങൾക്കുണ്ട്. രാഷ്ട്രീയ ദുർഗന്ധം പേറുന്ന ജോസ് കെ മാണിയും കേരള കോൺഗ്രസും കോൺഗ്രസിലെ മാലിന്യങ്ങളെ ആകർഷിക്കുന്നത് സ്വാഭാവികമായ ഒരു പരിണാമം മാത്രമാണ്.  

.ജനങ്ങളെ രാഷ്ട്രീയ നീക്കം എന്ന് തെറ്റിദ്ധരിപ്പിച്ച് നടക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിലെ നഗ്നമായ അഴിമതി ജനസമക്ഷം കൊണ്ടുവരുന്നതിന് യൂത്ത് കോൺഗ്രസ് പ്രതിജ്ഞാബദ്ധം ആയിരിക്കും എന്നുകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്."

Post a Comment

0 Comments