Latest News
Loading...

ചിരട്ടപ്പാൽ ഇറക്കുമതി നീക്കം ചെറുക്കണമെന്നു മാണി സി കാപ്പൻ



 മലേഷ്യയിൽ നിന്നുള്ള ചിരട്ടപ്പാൽ ഇറക്കുമതി നീക്കം തടയണമെന്നും ചിരട്ടപ്പാലിന് 150 രൂപ തറവില പ്രഖ്യാപിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ സബ്മിഷനിലൂടെ  നിയമസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ റബ്ബർ കർഷക മേഖലയ്ക്കു പുത്തൻ ഉണർവ് നൽകാൻ ഇതുവഴി സാധിക്കും.



.ശാസ്ത്രീയവും വളരെ കുറഞ്ഞ അദ്ധ്വാനശേഷിയും സമയവും മാത്രമേ ചിരട്ടപ്പാൽ സംഭരണത്തിന് ആവശ്യമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാസപദാർത്ഥങ്ങൾ ചേർക്കാതെ സംഭരിക്കുന്ന റബ്ബർ പാൽ ശേഖരിക്കുന്ന പാത്രത്തിൽ തന്നെ ഉറച്ചു കട്ടിയാകുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സ്വഭാവിക റബ്ബറിനോടാണ് ടയർ കമ്പനികൾക്കു താത്പര്യം. 


ചിരട്ടപ്പാലിനു 150 തറവില പ്രഖ്യാപിച്ചാൽ കൂടുതൽ ആളുകൾ ടാപ്പിംഗ് മേഖലയിലേയ്ക്കു വരികയും ഇതുവഴി ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും പണലഭ്യതയ്ക്കും ഇടയാക്കും. പുലർച്ചെ 4. 30 ന് ടാപ്പിംഗ് ആരംഭിക്കുന്ന ഒരു തൊഴിലാളിക്ക് 7.30തോടെ 450 മരങ്ങൾ ടാപ്പിംഗ് പൂർത്തീകരിക്കാൻ കഴിയും. ഒരു മരം ടാപ്പ് ചെയ്യുന്നതിന് 2 രൂപ മുതൽ മുകളിലേയ്ക്കാണ് നിരക്ക്. ചിരട്ടപ്പാൽ സംഭരണമാണെങ്കിൽ അതിനുശേഷം മറ്റു ജോലികൾക്കുപോകുന്നതിൽ തടസ്സമുണ്ടാകില്ല. എന്നാൽ ഷീറ്റാക്കുന്ന രീതിയ്ക്കും സൊസൈറ്റികൾക്കു പാൽ നൽകുന്ന രീതിയും ഭാരിച്ച അധ്വാനവും സമയ നഷ്ടവുമാണ്. അതിനാൽ കർഷകർക്കും തൊഴിലാളിക്കും നഷ്ടമാണ്. ഇതുമൂലമാണ് റബ്ബർ ഷീറ്റിന് 170 രൂപ തറവിലയുണ്ടായിട്ടും ടാപ്പിംഗും സംഭരണവും കൃത്യമായി നടക്കാത്തതെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ നിയമസഭയിൽ റബ്ബർ ബോർഡിലെ വിദഗ്ദരുടെ ഉപദേശത്തോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്നത്തെ കൃഷിമന്ത്രി അറിയിച്ചിരുന്ന കാര്യവും എം എൽ എ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മലേഷ്യയിൽ നിന്നും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ നീക്കം നടക്കുന്നതായും കാപ്പൻ ആരോപിച്ചു. ഇത് കേരളത്തിൽ നിലവിലുള്ള റബ്ബർ കൃഷി ഇല്ലാതാക്കുകയും റബ്ബറിനെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന് മാണി സി കാപ്പൻ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments