Latest News
Loading...

അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപന വാർഷികം ആചരിച്ച് കുട്ടികൾ

വാകക്കാട്: വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ 13-ാം വാർഷികം വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ആചരിച്ചു. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷിക്കുന്ന വാകക്കാട് സ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും കത്തിച്ച മെഴുകുതിരികളുമായി അൽഫോൻസാമ്മ അധ്യാപനം നടത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന അൽഫോൻസാ ചാപ്പലിൽ പ്രത്യേക പ്രാർത്ഥന നടത്തി. 



.പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി നേതൃത്വം നല്കി. വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും സ്കൂളിൻ്റെ മുഖമുദ്രയാണെന്നും അൽഫോൻസാമ്മയുടെ വിശുദ്ധി അനുഭവിച്ചറിഞ്ഞ കുട്ടികൾ തന്നെയാണ് മരണശേഷം കബറിടത്തിൽ പൂക്കൾ വച്ചും തിരികൾ കത്തിച്ചും പ്രാർത്ഥിച്ച് അൽഫോൻസാമ്മയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിന് ഇടവരുത്തിയത് എന്നും അദ്ദേഹം അനുസ്മരിച്ചു.
1932 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ.

.തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നു എന്നും കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളും ഗണിതത്തിൻ്റെ ബാലപാഠങ്ങളും പകർന്നു കൊടുക്കുന്നതിനൊപ്പം കാരുണ്യവും സ്നേഹവും കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പകർന്നു കൊടുക്കുന്നതിന് അൽഫോൻസാമ്മ എന്ന അധ്യാപികക്ക് കഴിഞ്ഞിരുന്നുവെന്ന് അക്കാലത്തെ വിദ്യാർത്ഥികൾ ഓർമിച്ചിരുന്നു എന്നും ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറഞ്ഞു. 
ഭരണങ്ങാനം ക്ലാരമഠത്തിൽ 1946 ജൂലൈ 28നാണ് അൽഫോൻസാമ്മയുടെ മരണം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1986 ഫെബ്രുവരി 8 ന് കോട്ടയത്തു വച്ച് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബർ 12 ന് സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

.മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമേകികൊണ്ട് സ്വന്തം വേദനകളെ മറന്ന വിശുദ്ധ അൽഫോൻസാമ്മ പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചതുപോലെ കോവിഡ്‌ കാലഘട്ടത്തിനുശേഷം സ്കൂൾ തുറക്കുന്ന ഈ അവസരം പ്രകാശപൂർണമായിതീരട്ടെ എന്നാശംസിച്ചുകൊണ്ട് കുട്ടികൾ ദീപം തെളിച്ചു.
പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, അലന്‍ അലോഷ്യസ്, സാലിയമ്മ സ്കറിയ, സി. റീനാ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, ബെന്നി ജോസഫ്, ബൈബി തോമസ്, റ്റിൻ്റു തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments