Latest News
Loading...

വേണുഗോപാൽ രാമകൃഷ്ണൻ നായർ വാലയിൽ നിര്യാതനായി.

വേണുഗോപാൽ രാമകൃഷ്ണൻ നായർ വാലയിൽ നിര്യാതനായി.മീനച്ചിൽ നദീസംരക്ഷണസമിതി എക്സി. കമ്മറ്റിയംഗം, മീനച്ചിൽ റിവർ - റെയിൽ മോനിറ്ററിംഗ് നെറ്റ് വർക്കിന്റെ ഓപ്പറേഷൻസ് ഹെഡ്, കട്ടച്ചിറ നേതാജി ലൈബ്രറി സെക്രട്ടറി, കട്ടച്ചിറ തോട് സംരക്ഷണ സമിതി കൺവീനർ, ദേശീയ ഹരിത സേന കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മഴ - പുഴ നിരീക്ഷണ പ്രക്രിയയിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിനെ വേണുഗോപാലിന്റെ പരിശ്രമഫലമായി പങ്കാളികളാക്കി. തുടർന്ന് മറ്റ് പഞ്ചായത്തുകളുടെ സഹകരണം ഈ പ്രവർത്തനത്തിൽ ഉറപ്പാക്കാൻ ഇത് സഹായകരമായി. കിടങ്ങൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴമാപിനികളും ജലനിരപ്പ് സ്കെയിലുകളും സ്ഥാപിച്ച് പ്രളയനിരീക്ഷണവും പാടശേഖര സമിതികൾക്കുള്ള മുന്നറിയിപ്പുകളുമൊക്കെ ആസൂത്രണം ചെയ്തുവരുകയായിരുന്നു. 

.മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മഴ - പുഴ നിരീക്ഷണത്തിന്റെ ഭാഗമായി കിഴക്കൻ മലയോരങ്ങൾ മുതൽ പടിഞ്ഞാൻ പ്രദേശങ്ങൾവരെയുള്ള മഴമാപിനി, ജലനിരപ്പ് സ്കെയിൽ നിരീക്ഷകർ നൽകുന്ന വിവരങ്ങൾ സമാഹരിച്ച് മാധ്യമങ്ങൾക്കായുള്ള ജലരേഖ തയ്യാറാക്കുന്നതും വേണുഗോപാലായിരുന്നു. 2019 ലെ പ്രളയകാലത്ത് രൂപംകൊണ്ട കാവാലിപ്പുഴ കടവിന്റെ സംരക്ഷണത്തിൽ രമേഷ് കിടങ്ങൂരിനൊപ്പവും കട്ടച്ചിറയിലെ സംരക്ഷിത വനഭൂമിയായ ആറ്റുവഞ്ചിക്കാടിന്റെ സംരക്ഷണത്തിൽ ഡോ.എസ്.രാമചന്ദ്രനൊപ്പവും സജീവമായി നിലകൊണ്ടു. ദേശീയ ഹരിത സേനയുടെ കോ-ഓർഡിനേറ്റർ എന്ന നിലയിൽ ജില്ലയിലെ ഒട്ടനവധി സ്കൂളുകളിൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പദ്ധതികളും പുരസ്കാരങ്ങളും അദ്ദേഹം ലഭ്യമാക്കി. 

.പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ധാരാളം യാത്ര ചെയ്തു. സുദീർഘകാലമായി പത്രം ഏജന്റിന്റെ ചുമതലകൾ കൃത്യഷ്ഠയോടെ നിർവ്വഹിച്ചു വന്നു. സമരമുഖങ്ങളിലും സാന്നിദ്ധ്യമറിയിച്ചു. നല്ല മാതൃകകളെ എവിടെ കണ്ടാലും വളരെയധികം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ജൈവ വൈവിധ്യ സംരക്ഷണത്തിലും, ജനകീയാസൂത്രണ പ്രവർത്തനത്തിലും പങ്കാളിയായി. ഗ്രന്ഥശാലാ പ്രവർത്തകൻ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും സജീവമായിരുന്നു. കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറിയായിരുന്നു.

.ഉറച്ച നിലപാടുകളും അത് തുറന്ന് പറയാനുള്ള ആർജ്ജവവുമുണ്ടായിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകയായിരുന്ന എ.എൻ.സുമതിക്കുട്ടിയമ്മയുടെ അനന്തിരവനാണ്. മകൾ പാർവ്വതി കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രത്യേക ഫെലോഷിപ്പ് നേടി ഇംഗ്ലണ്ടിൽ വവ്വാലുകളെപ്പറ്റിയുള്ള ഗവേഷണത്തിലൂടെ പി.എച്ച്.ഡി. കരസ്ഥമാക്കി ഇംഗ്ലണ്ടിൽ ജോലിയിലാണ്. മകൻ എഞ്ചിനീയറാണ്.

Post a Comment

0 Comments