Latest News
Loading...

പുതിയ പോളിടെക്‌നിക് മന്ദിരത്തിൻറെ ഉദ്‌ഘാടനം നടന്നു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ പ്രവത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ കേരള സർക്കാരിൻറെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പുതിയ പോളിടെക്‌നിക് മന്ദിരത്തിൻറെ ഉദ്‌ഘാടനം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .ആർ ബിന്ദു നിർവ്വഹിച്ചു . ബഹു. പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ച ഉദഘാടന സമ്മേളനത്തിൽ ബഹു. പത്തനംതിട്ട എം.പി. ശ്രീ.ആന്റോ ആൻറണി മുഖ്യ പ്രഭാഷണം നടത്തി.

. ഐ.എച്ച് ആർ.ഡി ഡയറക്ടർ ഡോ ,സുരേഷ്‌കുമാർ പി , വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈരാറ്റുപേട്ട, അഡ്വക്കേറ്റ് അക്ഷയ് ഹരി, മെമ്പർ,ബ്ലോക്ക് പഞ്ചായത്ത്, ശ്രീമതി സജി സിബി, മെമ്പർ, ഗ്രാമ പഞ്ചായത്ത് , ശ്രീമതി. ബിന്ദു തോമസ്, പ്രിൻസിപ്പാൾ, എം.പി.റ്റി.സി. പൂഞ്ഞാർ, ശ്രീ.അമിത് ബിനോ പ്രതിനിധി , കോളേജ് സെനറ്റ് എന്നിവർ സംസാരിച്ചു. പി.ഡബ്ലിയു.ഡി. എക്സികുട്ടീവ് എഞ്ചിനീയർ ശ്രീമതി അനിത മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ ജോബിമോൾ ജേക്കബ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.

ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സാങ്കേതിക വിജ്ഞാനത്തിന്റെ ആദാന പ്രദാനത്തിനു വേദിയായിക്കൊണ്ട് അനുദിനം വികസിച്ചുവരുന്ന അറിവിന്റെ ചക്രവാളങ്ങളിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

.കൂട്ടായ പ്രവർത്തനത്തിലൂടെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എം.എൽ.എ. പറഞ്ഞു.

ഡിപ്ലോമ കോഴ്‌സുകളുടെ നടത്തിപ്പിനായി പണികഴിപ്പിച്ച 614 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള പ്രധാന കെട്ടിടത്തിൻറെ നിർമാണമാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന ബഡ്‌ജറ്റിൽ ഐ.എച്ച്.ആർ.ഡി.യ്ക്ക് വർഷാവർഷം അനുവദിക്കുന്ന പ്ലാൻ ഫണ്ടിൽനിന്നും 150 ലക്ഷം രൂപ ചെലവഴിച്ചു പൂർത്തീകരിച്ച ഈ കെട്ടിടത്തിൻറെ നിർമാണം നിർവഹിച്ചത് കേരള പൊതുമരാമത്തു വകുപ്പാണ്.

.കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 2000-ആം ആണ്ടിലാണ് ഈ കോളേജ് സ്ഥാപിതമായത്. വിവിധ എഞ്ചിനീയറിംഗ് ശാഖകളിലായി ബി.ടെക് , ഡിപ്ലോമ കോഴ്സുകൾ നടത്തിവരുന്നു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് ഗവണ്മെന്റ് സ്വാശ്രയ മേഖലയിൽ ഐ.എച്ച്.ആർ.ഡി..യുടെ കീഴിൽ തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് നാളിതുവരെയുള്ള പ്രവർത്തന കാലയളവിൽ നിരവധി യൂണിവേഴ്സിറ്റി റാങ്കുകളും ഉയർന്ന വിജയ ശതമാനവും കരസ്ഥമാക്കുവാനും ഇവിടെ പഠിയ്ക്കുന്ന വിദ്യാർത്ഥികളെ മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഈ വർഷം കോളേജിലെ മുഴുവൻ ബി.ടെക് സീറ്റുകളും മെറിറ്റ് സീറ്റ് ആക്കി കേരളാ സർക്കാർ മാറ്റിയത് പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ ഉയർന്ന വിദ്യാഭ്യാസം കൈവരിക്കുന്നതിന് അവരെ പ്രപ്തരാക്കുന്നതിന് സഹായിക്കും കാലാവസ്ഥാ പ്രവചനത്തിനായി കോളേജ് ക്യാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന ഓൾ വെതർ സ്റ്റേഷൻ ,വിവര സാങ്കേതിക രംഗത്തെ ആധുനിക തൊഴിലവസര മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,ഐ.ഓ.റ്റി .(ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നേടുന്നതിനും കൂടുതൽ തൊഴിൽ നൈപുണ്യം നേടുന്നതിനുമുള്ള 40 ലക്ഷം രൂപയുടെ ഗവണ്മെന്റ് ധനസഹായത്തോടെയുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു സ്കിൽ ഡെവലപ്പ്മെന്റ് സെൻറർ (ASAP) എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു.

Post a Comment

0 Comments