Latest News
Loading...

എസ്ഡിപിഐ പിന്തുണച്ചു. എല്‍ഡിഎഫ് അവിശ്വാസം പാസായി

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചതോടെ ഈരാറ്റുപേട്ടയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. 28 അംഗ നഗരസഭയില്‍ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. മുസ്ലീം ലീഗിലെ സുഹ്‌റ അബ്ദുല്‍ഖാദറിന് ഇതോടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടമായി. കോണ്‍ഗ്രസ് അംഗമായിരുന്ന അന്‍സന്ന പരിക്കുട്ടിയുടെ വോട്ടും അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായകമായി. 

ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസനോട്ടീസില്‍ ഒപ്പിട്ടശേഷം രംഗത്തുവരാതിരുന്ന അന്‍സന്നയടക്കം 28 പേരും അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച ചര്‍ച്ചയില്‍ ആകെ നാല് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചത്. 

വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് മറ്റ് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമയം അടക്കം ഉപയോഗപ്പെടുത്തി അരമണിക്കൂറോളം സംസാരിച്ചു. കൂറുമാറിയ അന്‍സന്നയ്‌ക്കെതിരെയും രൂക്ഷമായ സംസാരമാണ് ഇല്യാസ് നടത്തിയത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്ക് അന്‍സന്ന മറുപടി പറയേണ്ടിവരുമെന്ന മുന്നറിയപ്പും അദ്ദേഹം നല്കി. 

.പിഎം അബ്ദുല്‍ഖാദന്‍, സുഹ്‌റ അബ്ദുല്‍ഖാദര്‍, തുടങ്ങി യുഡിഎഫ് അംഗങ്ങളാണ് ആദ്യം സംസാരിച്ചത്. തങ്ങള്‍ അവസാനമേ സംസാരിക്കുന്നുള്ളു എന്ന് സിപിഎം അംഗം നിലപാടെടുത്തത് വാക്കേറ്റത്തിനിടയാക്കി. യോഗത്തില്‍ സംസാരിച്ച അന്‍സന്ന, തന്റെ വാര്‍ഡിലേയ്ക്ക് തുക നല്കാതിരുന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. നഗരസഭയില്‍ ബന്ധുവിന് ജോലി നല്കാതിരുന്നത് സംബന്ധിച്ചും സംസാരിച്ചത് വാക്കു തര്‍ക്കത്തിനിടയാക്കി. 

തുടര്‍ന്ന് സംസാരിച്ച സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനസ് പാറയില്‍ അവിശ്വാസ നോട്ടീസ് നല്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. മുഹമ്മദ് ഇല്യാസിനെതിരെ കേസുണ്ടാകുമെന്ന് പറഞ്ഞതിന് മറുപടി പറയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഇല്യാസ് എഴുന്നേറ്റത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്ന് വരണാധികാരി വ്യക്തമാക്കിയതോടെ ബഹളം ശമിച്ചു. 

.രാവിലെ 11ന് ആരംഭിച്ച ചര്‍ച്ച ഒന്നരയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നു. യുഡിഎഫിലെ 13 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എസ്ഡിപിഐയിലെ 5ഉം 9 സിപിഎം അംഗങ്ങളും കൂറുമാറിയ കോണ്‍ഗ്രസ് അംഗവും വോട്ട് രേഖപ്പെടുത്തി. ഇതോടെ അവിശ്വാസം പാസാകുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. 

പുതിയ ചെയര്‍പേഴ്‌സണായുള്ള തെരഞ്ഞെടുപ്പ് വരുംദിവസങ്ങളില്‍ നടക്കും. എസ്ഡിപിഐയുടെ വോട്ട് ഉണ്ടെങ്കിലേ എല്‍ഡിഎഫിന് വിജയിക്കാനാകൂ എന്നതാണ് അവസ്ഥ. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി എസ്ഡിപിഐ വോട്ട് നേടുന്നത് നയപരമായി പാര്‍ട്ടി അംഗീകരിക്കില്ല. കൂറുമാറിയ കോണ്‍ഗ്രസ് അംഗം കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് മല്‍സരിക്കുകയും അതുവഴി എസ്ഡിപിഐ വോട്ട് നേടി അധികാരം നേടാനുമാകും ശ്രമം നടക്കുക.

Post a Comment

0 Comments