Latest News
Loading...

കുഴി നിറഞ്ഞ് പാലാ. നോക്കിയില്ലെങ്കിൽ മൂക്ക് കുത്തും


പാലാ നഗരത്തിൻറെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ട കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. മഴ കൂടി ശക്തിപ്പെട്ടതോടെ  വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളിൽ ചാടി ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം എന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

.ളാലം ജംഗ്ഷന് സമീപം മഹാറാണി കവലയിലെ റൗണ്ടാനയിലാണ് റോഡ് തകർന്ന് സ്ഥലങ്ങളിൽ ഒന്ന്. തൊടുപുഴ റോഡിൽ നിന്നും വന്ന് പാലാ ഭാഗത്തേക്ക് പിരിയുന്ന ഭാഗത്താണ് റോഡ് വലിയതോതിൽ കുഴിയായി മാറിയത്. ടാറിംഗ് ഇളകി റോഡിൽ ആകെ നിരന്ന അവസ്ഥയിലാണ്. നിരന്നു കിടക്കുന്ന ഈ മെറ്റലും അപകടത്തിന് കാരണമാകുന്നുണ്ട്. വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ ഇരുചക്രവാഹന യാത്രക്കാർ മറിഞ്ഞുവീഴുകയും മറ്റു വാഹനങ്ങളുടെ അടിയിൽ പെടുകയും ചെയ്യും.

.സ്റ്റേഡിയം ജംഗ്ഷനു സമീപവും ഇത്തരത്തിൽ റോഡ് തകർന്നിട്ടുണ്ട്. മുൻസിപ്പൽ കോംപ്ലക്സിന് മുൻവശത്തു നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് തിരിയുന്ന വളവിലാണ് ആണ് റോഡ് തകർന്നു വലിയ കുഴിയായി മാറിയത്. തുടർച്ചയായി ബസ്സുകളും ഭാരവാഹനങ്ങളും കടന്നുപോകുന്ന ഇവിടെ വാഹനങ്ങൾ കുഴിയിൽ ചാടി ദിവസംതോറും കുഴി വലുതായി വരികയാണ്. കുഴി ഒഴിവാക്കാൻ കൂടുതൽ വലതുവശത്തേക്ക് വാഹനങ്ങൾ മാറ്റുന്നതും അപകടത്തിന് കാരണമാകും.

പാലാ നഗരത്തിലെ മഹാറാണി ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, ബസ്റ്റാൻഡ് ജംഗ്ഷൻ,സെന്റ് മേരീസ് സ്കൂൾ ജംഗ്ഷൻ, അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ആവശ്യപ്പെട്ടു . ഈ റോഡുകളിലെ ഗർത്തങ്ങൾ കാരണം കൂടെ കൂടെ അപകടങ്ങൾ നടക്കുന്ന സാഹചര്യം കണക്കാക്കിയാണ് ചെയർമാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പി. ഡബ്ലൂ ഡി. അധികൃതരോട് ആവശ്യപ്പെട്ടത്.