Latest News
Loading...

സ്‌കൂൾ തുറക്കൽ: മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് മന്ത്രിമാർ



കോട്ടയം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗ നിർദ്ദേശങ്ങൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ കോവിഡ് 19 അവലോകന യോഗത്തിലാണ് ആരോഗ്യ- വനിതാ-ശിശുവകുപ്പ് മന്ത്രി വീണ ജോർജ്ജ്, സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയത്. 


.
സ്‌കൂളുകളിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ ക്വാറന്റയിനിൽ കൂടുതൽ ശ്രദ്ധിക്കണം. 

.കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണനിരക്ക് 0.36 ശതമാനം മാത്രമാണ്. കാര്യക്ഷമമായ ചികിത്സ ഉറപ്പ് വരുത്തിയതിന്റെ ഫലമായാണ് മരണനിരക്ക് കുറഞ്ഞതെന്ന് യോഗം വിലയിരുത്തി. 
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ വിദ്യാധരൻ, ആർ.സി.എച്ച്. ഓഫീസർ ഡോ.സി.ജെ. സിത്താര എന്നിവർ വിശദീകരിച്ചു.

.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി,  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ  ഡോ. കെ.പി. ജയകുമാർ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. ജിനു പുന്നൂസ്, ആർ.എം.ഒ. ഡോ.ആർ.പി. രഞ്ജിൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments