Latest News
Loading...

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു.

സംസ്ഥാനത്ത് റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ള പരിശീലന സ്ഥാപനങ്ങൾക്ക്, ബയോബബിൾ മാതൃകയിൽ ഒരു ഡോസ് വാക്സീൻ പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

.അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും. ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർഥികളും അധ്യാപകരും. മുഴുവൻ സ്കൂൾ അധ്യാപകരും ഈയാഴ്ച വാക്സീൻ എടുക്കാൻ ശ്രമിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണം.

.സ്കൂൾ അധ്യാപകരെല്ലാം വാക്സീൻ സ്വീകരിക്കാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപകരുടെ വാക്സീനേഷൻ പൂർത്തിയാക്കണം. ആകെ വാക്സീനേഷൻ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേർക്ക് ആദ്യഡോസ് വാക്സീനും 82.46 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സീനുമാണ് നൽകിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 28.37 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ ഇത് 67.73 ശതമാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്സീനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.

വാക്സീൻ തീരുന്ന മുറയ്ക്ക് കേന്ദ്രസർക്കാർ എത്തിച്ചുനൽകുന്നുണ്ട്. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസമില്ലാതെ എല്ലാവരും എടുക്കണം. വാക്സീൻ ഇടവേള കുറച്ച ഹൈക്കോടതി നിലപാടിനോടു സംസ്ഥാന സർക്കാരിനു യോജിപ്പുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓ​ഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ 18.41 ആയിരുന്നു ടിപിആർ. 31 മുതൽ സെപ്തംബർ ആറ് വരെയുള്ള ആഴ്ചയിൽ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടർന്നാൽ ഇനിയും കേസുകൾ കുറയ്ക്കാൻ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് നിലനിൽക്കുന്നതിനാൽ എല്ലാവരും തുറന്നും ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

Post a Comment

0 Comments