Latest News
Loading...

കെഎസ്ആർടിസി പമ്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം




കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉ​ദ്ഘാടനം ഈ മാസം 15 ന് നടക്കും.

സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.


.​കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട്‌ നടപ്പിലാക്കുന്ന നൂതന സംരംഭമാണ് “കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ്‌.” ​​ കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിം​ഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.

.ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നടക്കുന്ന കാമ്പയിനിം​ഗിൽ പങ്കെടുക്കാം. കാമ്പയിനിം​ഗിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.

ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ​ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കാർക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും. 

ഐഒസിയുമായി ഏർപ്പെടുന്ന കരാർ കൂടാതെ പെട്രോനെറ്റ് 4 സ്ഥലങ്ങളിൽ എൽഎൻജി പമ്പുകൾ സ്ഥാപിക്കും, ഇത് കൂടാതെ ബിപിസിഎൽ 8 സ്ഥലങ്ങളിൽ പെട്രോൾ -ഡീസൽ പമ്പുകളും, എച്ച്പിസിഎൽ മലപ്പുറത്തും പെട്രോൾ ഡീസൽ പമ്പുകളും സ്ഥാപിക്കുന്നുണ്ട്. ഐഒസി സ്ഥാപിക്കുന്ന പമ്പിനുള്ളിലോ , അല്ലെങ്കിൽ അതിനോട് ചേർന്നോ, സിഎൻജി, എൽഎൻജി എന്നിവ സ്ഥാപിക്കുന്നതിനുള്ള ചർച്ചയും പുരോ​ഗമിക്കുകയാണ്.

Post a Comment

0 Comments