Latest News
Loading...

കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ഭാവി നിർമ്മാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം.


കുറവിലങ്ങാട്: കേരളത്തിലും ദക്ഷിണേന്ത്യയിലും ആദ്യമായി യാഥാർത്ഥ്യമാക്കുന്ന കേരളാ സയൻസ് സിറ്റിയുടെ ഭാവി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് അനിവാര്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
    കേരള സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ ശേഷം സയൻസ് ആൻഡ് ടെക്നോളജി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ യോഗത്തിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. 
    കുറവിലങ്ങാട് കോഴായിൽ സംസ്ഥാന സർക്കാർ വിട്ട് നൽകിയ 30 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കേരള സയൻസ് സിറ്റിയുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങളിൽ വിവിധ പദ്ധതികൾ മുടങ്ങിപ്പോവുകയും
അന്യായമായ കാലതാമസം ഇതിനോടകം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലുള്ള സ്ഥിതിവിശേഷം നേരിട്ട് പരിശോധിക്കുന്നതിനും, ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടി സയൻസ് & ടെക്നോളജി മ്യൂസിയം ഡയറക്ടർ ഡോ. ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം മോൻസ് ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ച് ചർച്ച നടത്തിയത്. 
    2012 - 13 സംസ്ഥാന ബഡ്ജറ്റിൽ യുഡിഎഫ് സർക്കാരിന് വേണ്ടി മുൻ ധനകാര്യ മന്ത്രി കെ.എം മാണി അവതരപ്പിച്ച ബഡ്ജറ്റിലാണ് കേരള സയൻസ് സിറ്റിയുടെ ആദ്യത്തെ പ്രഖ്യാപനം ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി ഏറ്റെടുത്ത കേരള സയൻസ് സിറ്റി നിർമ്മാണത്തിന് 2014 - ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തി തുടക്കം കുറിച്ചെങ്കിലും അധികം താമസിക്കാതെ വിവിധങ്ങളായ പ്രതിസന്ധികൾ കടന്ന് വന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിൽ എത്തിച്ചേരുകയായിരുന്നു. 

ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നേതൃത്വം കൊടുത്ത് കൊണ്ട് ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എന്നീ എം.പിമാരുടെയും, മോൻസ് ജോസഫ് എംഎൽഎയുടെയും സാന്നിദ്ധ്യത്തിൽ യോഗം വിളിച്ച് ചേർത്തെങ്കിലും വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ രംഗത്ത് കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതേ തുടർന്നാണ് പൊതുതാത്പര്യം കണക്കിലെടുത്ത് കേരള സയൻസിറ്റിയുടെ നിലവിലുള്ള നിർമ്മാണ സ്ഥിതിയും, വിവിധങ്ങളായ പ്രതിസന്ധികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് നിയമസഭാ ചോദ്യം ഉന്നയിക്കാൻ തയ്യാറായതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

    

    

.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു കടുത്തുരുത്തി എംഎൽഎയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ സത്യസന്ധമായ വിശദാംശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുകയും വലിയ കാലതാമസം നേരിടുന്ന സാഹചര്യമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ഈ സ്ഥിതി വിശേഷം അടിയന്തിരമായി പരിഹരിക്കുന്നതിന് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. 

    വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും നിർമ്മാണ രംഗത്ത് മുഖ്യ പ്രതിസന്ധിയായിട്ടാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിനും സമയ ബന്ധിതമായി ഓരോ കാര്യങ്ങളിൽ തീർപ്പുണ്ടാക്കുന്നതിന് നിലവിലുള്ള ടെക്നിക്കൽ കമ്മറ്റി അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. സയൻസ് സിറ്റിയുടെ ഭാവി നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് ആവശ്യമായ കാര്യങ്ങൾ വ്യക്തതയോടെ ക്രമീകരിക്കുന്നതിനും ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ടെക്നിക്കൽ കമ്മറ്റി പുന:സംഘടിപ്പിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിലേക്ക് കേരള സയൻസ് സിറ്റി ഡയറക്ടർ ഡോ.ജി.പി പത്മകുമാറിനെ ചുമതലപ്പെടുത്തിയതായി മോൻസ് ജോസഫ് അറിയിച്ചു.

    വർഷങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന മൈക്രോ കോൺക്രീറ്റിംഗ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇപ്പോഴും കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് ചർച്ചയിൽ വ്യക്തമായി. അടുത്തതായി ചേരുന്ന മന്ത്രി തല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീർപ്പാക്കുന്നതിന് തീരുമാനിച്ചു.

.കേരളാ സയൻസ് സിറ്റിയുടെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് കൂടുതൽ തുക ഇനിയും ആവിശ്യമുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം എംഎൽഎ യെ ധരിപ്പിച്ചു. സയൻസ് സിറ്റിയുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെയും, തോമസ് ചാഴിക്കാടൻ എം.പിയുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം എത്രയും പെട്ടന്ന് വിളിച്ച് കൂട്ടാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. 

    നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതും, മുടങ്ങിക്കിടക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. തുടർന്ന് സയൻസ് സിറ്റി സെൻട്രൽ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എല്ലാ നിർമ്മാണ പദ്ധതികളുടെയും വിശദാംശങ്ങൾ പരിശോധിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുത്തു. 

    അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. ജി.പി പത്മകുമാർ, സയൻസ് സിറ്റിയുടെ ചുമതല വഹിക്കുന്ന അസ്സി. ഡയറക്ടർ സുന്ദർ ലാൽ, സയന്റിഫിക് ഓഫീസർ സിറിൾ കെ ബാബു, സബ് എഞ്ചിനീയർ എബി വർഗ്ഗീസ് എന്നിവർ സയൻസ് സിറ്റിയുടെ ഇതുവരെ നടന്നിരിക്കുന്ന നിർമ്മാണ കാര്യങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, ബേബി തൊണ്ടാംകുഴി, തോമസ് കണ്ണന്തറ, ജോർജ് ചെന്നേലി, എം.എം ജോസഫ്, ടെസി സജീവ്, ജോയിസ് അലക്സ്, സനോജ് മിറ്റത്താനി എന്നിവരും എംഎൽഎ യോടൊപ്പം ചർച്ചയിലും സന്ദർശനത്തിലും പങ്കെടുത്തു.