Latest News
Loading...

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോ​ഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ കടകളിൽ പ്രവേശനം.

ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും.

പ്രദേശങ്ങളിൽ ടിപിആർ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിലും മാറ്റം വരുത്തി. ഒരു തദ്ദേശസ്ഥാപനത്തിൽ ആയിരം പേരിൽ പരിശോധന നടത്തുന്നതിൽ പത്ത് പേർ രോ​ഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയിൽ ആറു ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറക്കാം.

തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.

രോഗികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടി നിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിച്ചിരിക്കുന്നതെന്ന് വീണാ ജോർജ് അറിയിച്ചു.


ചട്ടം 300 അനുസരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ നിന്ന് ഇളവുകൾ സംബന്ധിച്ച പ്രസക്ത ഭാഗങ്ങൾ
*********************

* സർക്കാരിനു മുന്നിൽ ഉയർന്നുവന്ന ഒരു പൊതുവായ നിർദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയിൽ 1000 പേരിൽ എത്രയാൾക്ക് പുതിയതായി രോഗം നിർണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടും.

* രോഗ വ്യാപനം തടയുന്നതിന് ആൾക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകൾ ഉൾപ്പെടെ ജനങ്ങൾ കൂടുന്ന സംവിധാനങ്ങൾ ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരും.

* ആരാധനാലയങ്ങളിൽ അവയുടെ വിസ്തീർണ്ണം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ വിസ്തീർണ്ണമുള്ളവയിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്നതുമാണ്.

* ഇന്നത്തെ പൊതു സാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച ഉണ്ടായാൽ ട്രിപ്പിൾ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളിൽ ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കാൻ അനുമതിയും നൽകാനാവും. 

* സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവർത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.



.ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ ആൾക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങൾ എടുക്കണം. ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണം. 

* കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെ അനുവദിക്കാം. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേർന്ന് യോഗങ്ങൾ നടത്തും.

* കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിനേഷനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നൽകാനാണ് ഉദ്ദേശിക്കുന്നത്.

* വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്സിനേഷൻ നൽകും. കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കും.


Post a Comment

0 Comments