Latest News
Loading...

പിഎസ്‌സി റാങ്ക് പട്ടിക നീട്ടില്ല; ഡിഗ്രി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താമെന്നു ഹൈക്കോടതി.



പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. 


.ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പിഎസ്‌സി കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പിഎസ്‌സി ഇന്ന് കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യത്തിൽ ട്രൈബ്യൂണലിന് ഇടപെടനാകില്ലെന്നും ട്രൈബ്യൂണലിൻ്റെ വിധി സ്റ്റേ ചെയ്യണമെന്നും പി‌എസ്‌സി ഹൈക്കോടതിയിൽ വാദിച്ചു. 

 
ഈ ഘട്ടത്തിൽ ഇടപെട്ട ഹൈക്കോടതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുന്നുണ്ടെന്ന് വാക്കാൽ പരാമർശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയുമോയെന്നും കോടതി ആരാഞ്ഞു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുന്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും കോടതി ചോദിച്ചു.

.മാസ്റ്റഴ്‌സ് ഡിഗ്രി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താമെന്നു ഹൈക്കോടതി. പക്ഷേ, അതിനു നമ്മള്‍ തയാറാകുന്നില്ലെന്നും ചിന്താഗതി മാറണമെന്നും കോടതിയുടെ വിമര്‍ശനം. പിഎസ്‌സി നിയമനം ലഭിക്കാത്തതു ചോദ്യം ചെയ്ത് ഒരു ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് ബദറുദീന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി കോടതി തള്ളി.

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന വാശി പാടില്ലെന്നു കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്നാണ് പുതു തലമുറയുടെ നിലപാട്. ഈ ചിന്താഗതി കേരളത്തില്‍ മാത്രമാണുള്ളത്. യുവാക്കളുടെ മാനസികാവസ്ഥ മാറണം. എംഎസ്‌സി പഠിക്കുന്നവര്‍ക്കും ആടുകളെ വളര്‍ത്താം. അതിന് തയാറാകാത്തതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു.


Post a Comment

0 Comments