Latest News
Loading...

സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും


കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്.

ജഡായു പാറ തുറക്കുമെങ്കിലും ഇൻഡോർ ഗെയിമുകൾക്ക് അനുമതി ഉണ്ടാകില്ല. മൂന്നാർ, പൊന്മുടി അടക്കമുള്ള ഹിൽടൂറിസം കേന്ദ്രങ്ങൾ, ബീച്ചുകൾ ,വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കുന്നതോടെ ടൂറിസംമേഖല സജീവമാകും. കുട്ടികളുടെ പാർക്കുകളും തുറക്കും.

*_നിബന്ധനകൾ_*
ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കരുതണം
വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണം
കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം
ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം
അധികൃതർ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം

വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:
തിരുവനന്തപുരം: പൊൻമുടി – മാങ്കയം, പേപ്പാറ, അഗസ്​ത്യാർവനം, നെയ്യാർ
കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല
പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി
ആലപ്പുഴ: പുറക്കാട്​ ഗാന്ധി സ്​മൃതിവനം
കോട്ടയം: കുമരകം
ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹ​ലമേട്​, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്
എറണാകുളം: ഭൂതത്താൻകെട്ട്​, കോടനാട്​​/കപ്രിക്കാട്​, മംഗളവനം, മുളംകുഴി, പാണിയേലി പോര്​, ത​ട്ടേക്കാട്​

.തൃശൂർ: അതിരപ്പിള്ളി – വാഴച്ചാൽ, ചിമ്മിണി, പീച്ചി – വഴനി, ഷോളയാർ
പാലക്കാട്​: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്​, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ്​ വാലി, തുടിക്കോട്​ – മീൻവല്ലം
മലപ്പുറം: നെടുങ്കയം, നിലമ്പൂർ
കോഴിക്കോട്​: കാക്കവയൽ – വനപർവം, ചാലിയം, ജാനകിക്കാട്​, കടലുണ്ടി, കക്കാട്​, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി
വയനാട്​: ബാണാസുരമല – മീൻമുട്ടി, ചെ​​മ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്​, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി
കണ്ണൂർ: പൈതൽമല, ആറളം
കാസർകോട്​: റാണിപുരം