Latest News
Loading...

വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി


സംസ്ഥാനത്ത് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കി. എല്ലാ മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷനുകളിലും അരുമ മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി നോട്ടീസ് പുറപ്പെടുവിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. തിരുവനന്തപുരം അടിമലതുറയിൽ വളർത്തു നായയെ അടിച്ചുകൊന്ന സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

.നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറ് മാസത്തിനകം എടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ സെക്ഷൻ 437 പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്താൻ പാടില്ലെന്നും പറയുന്നുണ്ട്.

.നായ്ക്കളെ മൂന്ന് മാസത്തിനുള്ളിൽ ഉടമ പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 1998 ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ നാലാംചട്ട പ്രകാരവും നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്ന് പറയുന്നു. ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ നടത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. പ്രതിരോധ കുത്തിവയ്പ് എടുത്തശേഷമാണ് നായ്ക്കൾക്ക് അതാത് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നൽകുന്നത്. ഇരുപത് രൂപയിൽ താഴെയാണ് ലൈസൻസ് ഫീസ്. 

നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും.

Post a Comment

0 Comments