Latest News
Loading...

ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണ പ്രതിസന്ധി. റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചു.

പാലാ: മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം മുടങ്ങി പോയെതിനെ തുടർന്ന് മൂന്ന് വർഷമായി നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.

    ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കൽ എക്സാമിനറും ( C.T.E ) പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറും പ്രത്യേകം നടത്തിയ വിലയിരുത്തലിനും പരിശോധനയ്ക്കും ശേഷമാണ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കരാറുകാരനുമായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഹിയറിംഗ് നടത്തിയതിനെ തുടർന്ന് വകുപ്പിൽ നിന്ന് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ എസ്റ്റിമേറ്റ് സംബന്ധിച്ച് ചില ക്ലറിക്കൽ അപാകതകൾ സംഭവിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തലത്തിൽ സംഭവിച്ച ഈ പ്രശ്നത്തെ തുടർന്നാണ് മൂന്ന് വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം നിർത്തി വച്ചത്. 

.വകുപ്പ് തലത്തിൽ സംഭവിച്ച അപാകത പരിഹരിക്കാതെ പാലത്തിന്റെ നിർമ്മാണം നടപ്പാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ സർക്കാരിനെ അറിയിച്ച് കൊണ്ടാണ് പ്രവർത്തി നിർത്തി വച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ മന്ത്രിമാരായിരുന്ന ജി. സുധാകരനും, തോമസ് ഐസക്കിനും രണ്ട് എംഎൽഎ മാരും നിവേദനം സമർപ്പിക്കുകയും നിരന്തരമായി ഇടപെടുകയും ചെയ്തെങ്കിലും സർക്കാർ തലത്തിൽ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അവസാനം രക്ഷയില്ലാതെയാണ് പ്രവർത്തി ഏറ്റെടുത്ത തിരുവല്ല, മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഹൈക്കോടതിയുടെ വിധിയും വന്നു. എത്രയും പെട്ടെന്ന് കരാറുകാരന്റെ ഹിയറിംഗ് നടത്തിയ ശേഷം പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കൊണ്ട് മോൻസ് ജോസഫ് എംഎൽഎ പുതിയ സർക്കാരിന്റെ പ്രഥമ നിയമസഭാ സമ്മേളനത്തിൽ സബ്മിഷൻ അവതരിപ്പിച്ച് കൊണ്ട് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം പുനരാംരംഭിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽ കൊണ്ട് വന്നത് പ്രശ്ന പരിഹാരത്തിനുള്ള പുതിയ വഴിത്തിരിവായി തീർന്നു. മാണി.സി. കാപ്പൻ എംഎൽഎയും ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. പ്രതിസന്ധിക്ക് ആധാരമായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി നിയമസഭയിൽ അറിയിച്ചു. ഇതേ തുടർന്നുള്ള പരിശോധനകളും, ഉദ്യോഗസ്ഥ തലത്തിലുള്ള അവലോകനങ്ങളുമാണ് ഇതുവരെ നടന്ന് വന്നത്. ഇക്കാര്യങ്ങളുടെ പരിസമാപ്തിയായിട്ടാണ് ചേർപ്പുങ്കൽ പാലം സംബന്ധിച്ച് റിപ്പോർട്ട് പ്രധാന ഉദ്യോഗസ്ഥർ സർക്കാറിലേക്ക് സമർപ്പിച്ചിട്ടുള്ളത്.
    

.നിയമസഭാ സമ്മേളനത്തിനിടയിൽ എംഎൽഎ മാരായ അഡ്വ.മോൻസ് ജോസഫും, മാണി.സി.കാപ്പനും പ്രധാന ഉദ്യോഗസ്ഥരോടും പ്രവർത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരനോടും ചർച്ച നടത്തി. സർക്കാർ അംഗീകരിച്ച എസ്റ്റിമേറ്റ് തുകയ്ക്ക് ഉള്ളിൽ നിന്ന് പാലത്തിന്റെ നിർമ്മാണം ചെയ്ത് തരാമെന്ന് കരാറുകാരൻ എംഎൽഎ മാരെ അറിയിച്ചിട്ടുണ്ട്. പക്ഷേ സർക്കാർ തലത്തിൽ ഉണ്ടായ സാങ്കേതിക പിശക് പരിഹരിച്ച് ഉത്തരവ് നൽകണമെന്നുള്ള തികച്ചും ന്യായമായ ആവശ്യമാണ് കമ്പനി ഉന്നയിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാവരോടും ചർച്ച ചെയ്ത് സർക്കാർ തലത്തിലുണ്ടായിരിക്കുന്ന വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വിവിധ മന്ത്രിമാരെ വീണ്ടും എംഎൽഎ മാർ നേരിട്ട് കണ്ട് ചർച്ച നടത്തി. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ എന്നിവരുമായി മോൻസ് ജോസഫ് എംഎൽഎ യും, മാണി. സി. കാപ്പൻ എംഎൽഎ യും നിയമസഭയിൽ വച്ച് സംസാരിച്ചു. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ട് ചേർപ്പുങ്കൽ പാലം നിർമ്മാണത്തിന്റെ തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തി പുനരാരംഭിക്കാൻ ആവശ്യമായ തീരുമാനം സർക്കാർ തലത്തിൽ എത്രയും പെട്ടന്ന് കൈക്കൊള്ളുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി എംഎൽഎ മാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള യോഗം സർക്കാർ ഉടനെ വിളിച്ച് ചേർക്കുമെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.



Post a Comment

0 Comments