Latest News
Loading...

ഉഴവൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ 8 കോടി രൂപയുടെ പദ്ധതി

കുറവിലങ്ങാട്: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

     ഉഴവൂർ പഞ്ചായത്തിൽ നടത്തിയ സെൻസസ് പ്രകാരം 3830 വീടുകളാണുള്ളത്. കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 2011 മുതൽ 2020 വരെയുള്ള കാലയളവിൽ എംഎൽഎ യുടെ പരിശ്രമഫലമായി 2030 കുടിവെള്ള കണക്ഷനുകളാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. ഇനി കണക്ഷൻ നൽകാനുള്ള ഉഴവൂർ പഞ്ചായത്തിലെ 1800 വീടുകളിലും ഇപ്രാവശ്യം കുടിവെള്ളം എത്തിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ 2020 -ൽ അനുമതി ലഭിച്ച രണ്ട് പ്രവർത്തികളിലായി 8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഉഴവൂരിൽ നടപ്പാക്കുന്നത്. ഇത് ടെൻഡർ ചെയ്ത് എഗ്രിമെന്റ് വച്ചതിന്റെ അടിസ്ഥാനത്തിൽ
വിവിധ വാർഡുകളിൽ പ്രവർത്തി നടപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം നടത്തുന്നതിന് എംഎൽഎ യുടെ സാന്നിധ്യത്തിൽ ഉഴവൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കുടിവെള്ള പദ്ധതി വികസന യോഗം ചേർന്നു. 
    
     

.പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വർദ്ധിത വിതരണ ശേഷിയുള്ള പമ്പ് - മോട്ടർ എന്നിവ സ്ഥാപിക്കുന്നതാണ്. വിവിധ റോഡുകളായി 10 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് വിതരണ ശൃംഖല വിപുലീകരിക്കുന്നതാണ്. രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളം എത്തിക്കുന്നതിന് എല്ലാ വാർഡിൽ നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.

    ഉഴവൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും, ജനപ്രതിനിധികളും ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട നിർദ്ദേശമെന്ന നിലയിൽ ഉഴവൂർ ടൗണിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയും ഇതോടൊപ്പം നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ഇതിലൂടെ ഉഴവൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷനുകളിലൂടെ ശുദ്ധമായ കുടിവെള്ളം എത്തിച്ച് 100 ശതമാനം കണക്ഷൻ ലഭ്യമാക്കുന്നതിൽ വിജയകരമായ പ്രവർത്തനം കാഴ്ച വെക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ വ്യക്തമാക്കി.

.സമഗ്ര കുടിവെള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഉഴവൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സുരേഷ്, അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽ രാജ് കെ.എസ്, അസ്സി. എൻജിനീയർ പ്രദീപ് മാത്യൂസ് ടോംസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. 

    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്‌റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, മെമ്പർമാരായ തങ്കച്ചൻ കുടിലിൽ, ന്യൂജെന്റ് ജോസഫ്, വി.ടി സുരേഷ്, സിറിയക് കല്ലട, ബിൻസി അനിൽ, ജസിന്ത പൈലി, അഞ്ജു പി. ബെന്നി, ഏലിയാമ്മ കുരുവിള, ബിനു ജോസ്, മേരി സജി, ശ്രീനി തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി എസ്സ്. സുനിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments