Latest News
Loading...

വിശുദ്ധമായ അധ്യാപനത്തിൻ്റെ നവതിയാഘോഷവുമായി വാകക്കാട് സ്കൂൾ



 വാകക്കാട് : വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതിയുടെ നിറവിലാണ് വാകക്കാട് സ്കൂൾ. അൽഫോൻസാമ്മയുടെ സ്വർഗീയ പ്രവേശനത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിനോടൊപ്പം അധ്യാപനത്തിൻ്റെ നവതിയും കൂടി ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്ന സന്തോഷത്തിലാണ് വാകക്കാട് സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും. 1932 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. 

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നു. കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളും ഗണിതത്തിൻ്റെ ബാലപാഠങ്ങളും പകർന്നു കൊടുക്കുന്നതിനൊപ്പം കാരുണ്യവും സ്നേഹവും കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പകർന്നു കൊടുക്കുന്നതിന് അൽഫോൻസാമ്മ എന്ന അധ്യാപികക്ക് കഴിഞ്ഞിരുന്നുവെന്ന് അക്കാലത്തെ വിദ്യാർത്ഥികൾ ഓർമിച്ചിരുന്നു. 

 മലയോര ഗ്രാമമായ വാകക്കാട് ദാരിദ്ര്യത്തിലും ദുരിതങ്ങളിലും വേദനകളിലും കഴിഞ്ഞിരുന്നവർക്ക് അൽഫോൻസാമ്മ ആശ്വാസദായകയായിരുന്നു. പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചു. മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമേകികൊണ്ട് സ്വന്തം വേദനകളെ മറന്നു. 


 അൽഫോസാമ്മയുടെ വടിവൊത്ത കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മoത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ പവിത്രതയോടെ സൂക്ഷിച്ചിരിക്കുന്നു. 
 പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും കരുതലും കാരുണ്യവുമായിരുന്നു അൽഫോൻസാമ്മ.

 അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ തൊട്ടടുത്ത ദിനമായ ജൂലൈ 29 ന് നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായ് വാകക്കാട് ഇടവക ദൈവാലയത്തിൽ കൊണ്ടുവരികയും സ്കൂളും കോൺവെൻ്റിൽ അൽഫോസാമ്മ താമസിച്ചിരുന്ന മുറിയും സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അൽഫോൻസാമ്മ അധ്യാപികയായി കുഞ്ഞുങ്ങൾക്ക് പുണ്യം ചൊരിഞ്ഞു കൊടുത്ത വാകക്കാട് വച്ച് എഴുത്ത് തുടങ്ങുക എന്നത് പലരുടെയും വലിയ ആഗ്രഹവും സന്തോഷവുമാണ്.


. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും സ്കൂളിലെ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നതിനായ് കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നു. അൽഫോൻസാമ്മയുടെ വിശുദ്ധി അനുഭവിച്ചറിഞ്ഞ കുട്ടികൾ തന്നെയാണ് മരണശേഷം കബറിടത്തിൽ പൂക്കൾ വച്ചും തിരികൾ കത്തിച്ചും പ്രാർത്ഥിച്ച് അൽഫോൻസാമ്മയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിന് ഇടവരുത്തിയത് എന്നത് യാദൃശ്ചികം. 


 പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയ്യുന്നത്. 

.അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം ആദരണീയനായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ജൂലൈ 29 ന് ഉദ്ഘാടനം ചെയ്യും. നവതിയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. ഫാ. റോയി കണ്ണൻചിറ സി എം ഐ ആധുനികകാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ പുണ്യങ്ങളുടെ പ്രശസ്തി എന്ന വിഷയത്തെക്കുറിച്ചും പ്രൊഫസർ ജോസ് ജെയിംസ് അൽഫോൻസാമ്മ എന്ന അധ്യാപിക എന്ന വിഷയത്തെക്കുറിച്ചും സംസാരിക്കും.
 നവതി ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ നൂറിലധികം വരുന്ന സന്ന്യസ്തരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ബഹുമാനാദരവുകൾ അർപ്പിക്കുന്ന സന്ന്യസ്ത സംഗമം എഫ് സി സി സുപ്പീരിയർ ജനറൽ സി. ആൻ ജോസഫ് ഉദ്ഘാടനം ചെയ്യും. സന്ന്യസ്തരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായും കൂടിയാണ് സന്ന്യസ്ത സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എഫ് സി സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ആനി കല്ലറങ്ങാട്ട്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ പ്രസംഗിക്കും.
 നവതി ആഘോഷപരിപാടികളുടെ വിജയത്തിനായി സി. റീനാ, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, സാലിയമ്മ സ്കറിയ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി, അലന്‍ അലോഷ്യസ്, സോയ, ജൂലിയ അഗസ്റ്റിന്‍, ബെന്നി ജോസഫ്, ബൈബി, ദീപ മരിയ, റ്റിൻ്റു, ഷീനു തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.


Post a Comment

0 Comments