Latest News
Loading...

കോട്ടയം സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ ധനശ്രീ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്കായി ആരംഭിച്ച ധനശ്രീ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. തിരഞ്ഞെടുത്ത 46 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ചടങ്ങില്‍ മന്ത്രി വായ്പ വിതരണം ചെയ്തു.

കാരാപ്പുഴ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 11 മൊബൈല്‍ ഫോണുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. 

.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് ധനശ്രീ. അര്‍ബന്‍ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയായ കോട്ടയം താലൂക്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, ചിറക്കടവ്, മണിമല പഞ്ചായത്തുകളിലുമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കും പദ്ധതി പ്രകാരം വായ്പാ സൗകര്യം ലഭ്യമാക്കും.

36 മാസമാണ് വായ്പയുടെ കാലാവധി. ഒന്‍പത് ശതമാനം പലിശ നിരക്കില്‍ കുടുംബശ്രീയുടെ സബ്‌സിഡി ആനുകൂല്യത്തോടെയാണ് വായ്പ ലഭ്യമാക്കുക. നിലവില്‍ ലിങ്കേജില്ലാത്ത യൂണിറ്റുകള്‍ക്കും വായ്പ അനുവദിക്കും.

.ബാങ്ക് ചെയര്‍മാന്‍ ടി.ആര്‍ രഘുനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ , ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍ ) എന്‍. അജിത് കുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍ , ബാങ്ക് വൈസ് ചെയര്‍മാന്‍ കെ. ഐ. കുഞ്ഞച്ചന്‍ , അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (ജനറല്‍ ) രാജീവ് .എം.ജോണ്‍ , ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ബീനാകുമാരി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി.വിനോദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ഡോ.കെ.എം. ദിലീപ് സ്വാഗതവും ധനശ്രീ വായ്പാ പദ്ധതി കോ - ഓര്‍ഡിനേറ്റര്‍ കെ. പ്രശാന്ത് നന്ദിയും പറഞ്ഞു.


Post a Comment

0 Comments