Latest News
Loading...

പൂഞ്ഞാർ എം എൽ എ യുടെ നടപടിയ്‌ക്കെതിരെ യുഡിഎഫ്


പാലാ: പാലാ മണ്ഡലത്തിൽ ഉൾപ്പെട്ട മൂന്നിലവ് പഞ്ചായത്തിലെ പഴുക്കക്കാനത്ത് സ്ഥലം എം എൽ എ മാണി സി കാപ്പനെയും മറ്റ് ജനപ്രതിനിധികളെയും അറിയിക്കാതെ പൂഞ്ഞാർ എം എൽ എ ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയർക്കൊപ്പം സന്ദർശനം നടത്തിയ നടപടി വിവാദമാകുന്നു. പഴുക്കാക്കാനത്ത് പദ്ധതി നടത്തിനെന്ന പേരിലാണ് സ്ഥലം എം എൽ എ മാണി സി കാപ്പനെയും മറ്റു ജനപ്രതിനിധികളെയും അറിയിക്കാതെ പൂഞ്ഞാർ എം എൽ എ യുടെ നേതൃത്വത്തിൽ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനത്തിനെത്തിയത്.

 വിവരമറിഞ്ഞെത്തിയ നാട്ടുകാർ പഴുക്കാക്കാനത്ത് ഡാം കെട്ടാനുള്ള നീക്കമാണെന്നാരോപിച്ചു പഞ്ചായത്ത് മെമ്പർ ജിൻസി ദാനിയേലിൻ്റെ നേതൃത്വത്തിൽ സംഘത്തെ തടഞ്ഞു. ഇതേത്തുടർന്നു സംഘം മടങ്ങി. പഴുക്കാക്കാനത്തിന് മുകളിൽ ഡാം നിർമ്മിച്ചാൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലാവുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ നടപടി അപ്രായോഗികമാണെന്നും നാട്ടുകാർ വ്യക്തമാക്കി. 

ഇതോടെ പൂഞ്ഞാർ എം എൽ എ യുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. പൂഞ്ഞാർ എം എൽ എ യുടെയും ഉദ്യോഗസ്ഥരുടെയും നടപടി അനുചിതമാണെന്നു വ്യക്തമാക്കിയ മാണി സി കാപ്പൻ  തിരുവനന്തപുരത്ത് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പരാതി നൽകുമെന്നറിയിച്ചു. നടപടിയിൽ യു ഡി എഫും പ്രതിഷേധിച്ചു.

നടപടി അനുചിതം: മാണി സി കാപ്പൻ

പാലാ: പാലാ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് സ്ഥലം എം എൽ എ യെ അറിയിക്കാതെ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും പൂഞ്ഞാർ എം എൽ എ യും പദ്ധതി നടത്തിപ്പിൻ്റെ പേരിൽ എത്തിയ നടപടി അനുചിതവും കീഴ് വഴക്കങ്ങളുടെ ലംഘനവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സ്ഥലം എം എൽ എ, ജില്ലാ പഞ്ചായത്തംഗം, മറ്റു ജനപ്രതിനിധികൾ എന്നിവരെ അറിയിക്കാതെയാണ് സംഘം എത്തിയത്. ഈ നടപടി പ്രതിഷേധാർഹമാണ്. 

സ്ഥലത്തെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകും. ഉദ്യോഗസ്ഥൻ്റെ നടപടി ധിക്കാരപരമാണ്. രാഷ്ട്രീയം കളിക്കാൻ ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുകയാണ്. പൂഞ്ഞാർ എം എൽ എ ഇത്തരം കാര്യങ്ങളിൽ പക്വത കാണിക്കുകയാണ് വേണ്ടത്. പഴുക്കാക്കാനത്തെ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തുള്ള പദ്ധതി മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും മാണി സി കാപ്പൻ പറഞ്ഞു.


പൂഞ്ഞാർ എം എൽ എ പദവി ദുരുപയോഗിക്കുന്നു: യു ഡി എഫ്

പാലാ: പാലാ എം എൽ എ മാണി സി കാപ്പനെയും മറ്റ് ജനപ്രതിനിധികളെയും അറിയിക്കാതെ പാലാ മണ്ഡലത്തിലെ പഴുക്കാക്കാനത്ത് പദ്ധതി നടത്തിപ്പിൻ്റെ പേരിൽ എത്തിയ പൂഞ്ഞാർ എം എൽ എ യുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നടപടിയിൽ യു ഡി എഫ് നേതൃയോഗം പ്രതിഷേധിച്ചു. പൂഞ്ഞാർ എം എൽ എ രാഷ്ട്രീയം കളിക്കാൻ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് യോഗം ആരോപിച്ചു. താൻ എം എൽ എ ആണെന്ന കാര്യം വിസ്മരിച്ചുകൊണ്ടുള്ള പൂഞ്ഞാർ എം എൽ എ യുടെ നടപടി പദവിക്കു തന്നെ കോട്ടം വരുത്തിയിരിക്കുകയാണ്. ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുന്നതിനുള്ള ഉദാഹരണമാണിത്.

 എന്തടിസ്ഥാനത്തിലാണ് പാലാ മണ്ഡലത്തിൽ പദ്ധതി നടത്തിപ്പിൻ്റെ പേരിൽ പൂഞ്ഞാർ എം എൽ എ എത്തിയതെന്ന് വ്യക്തമാക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, എ കെ ചന്ദ്രമോഹൻ, ജോർജ് പുളിങ്കാട്, ആർ പ്രേംജി, ജോയി സ്കറിയ, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, അഡ്വ ബിജു പുന്നത്താനം, ജോഷി ജോഷ്വാ, മൈക്കിൾ പുല്ലുമാക്കൽ, ആർ സജീവ്, സി ടി രാജൻ, ഷൈൻ പാറയിൽ, ജോജോ പാറയ്ക്കൽ, ബിജോയി എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.


നടപടി ജനാധിപത്യവിരുദ്ധം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലായിലെ എം എൽ എ യെ അറിയിക്കാതെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പദ്ധതി നടത്തിൻ്റെ പേരിൽ പൂഞ്ഞാർ എം എൽ എ പാലാ മണ്ഡലത്തിൽ എത്തിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. പൂഞ്ഞാർ എം എൽ എ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുകയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. 

ആരുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന് പൂഞ്ഞാർ എം എൽ എ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു. എം എൽ എ സ്ഥാനത്തിൻ്റെ പവിത്രതയ്ക്ക് പൂഞ്ഞാർ എം എൽ എ കളങ്കം വരുത്തിയതായും സജി കുറ്റപ്പെടുത്തി. നിർദ്ദിഷ്ട രാമപുരം കുടിവെള്ളപദ്ധതി അട്ടിമറിയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും സജി ആരോപിച്ചു.




Post a Comment

0 Comments