Latest News
Loading...

നഗരസഭാ ചെയർമാൻ പാലാക്കാരോട് മാപ്പ് പറയണം


പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണം സംബന്ധിച്ചു പാലാ മുനിസിപ്പൽ ചെയർമാൻ്റെ പ്രസ്താവന ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നതിനു തുല്യമാണെന്ന് എൻ സി കെ പാലാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തപ്പോൾ അനുവദിച്ച നഷ്ടപരിഹാരത്തിലെ അപാകതമൂലമാണ് സ്ഥലമുടമകൾ നിയമ നടപടികൾ സ്വീകരിച്ചത്.

 നഗരമധ്യത്തിൽ കുറഞ്ഞ തുകയും നഗരത്തിനു വെളിയിൽ കൂടുതൽ തുകയും നൽകിയതിനെ ചോദ്യം ചെയ്തു സ്ഥലമുടമകൾ കോടതി സമീപിക്കുകയായിരുന്നു. സ്ഥലമുടമകളുടെ വാദം കോടതി അംഗീകരിച്ചത് നഷ്ടപരിഹാരം നിശ്ചയിച്ചതിലെ ക്രമക്കേടാണ് തെളിയിച്ചത്. മാണി സി കാപ്പൻ എം എൽ എ ആകുന്നതിനു മുമ്പ് വർഷങ്ങളായി പ്രശ്നം നിലനിന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാണി സി കാപ്പൻ എം എൽ എ ആയതിനു ശേഷം നിരന്തരം നടത്തിയ ഇടപെടലിലൂടെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. 

തുടർന്ന് ഇതിനാവശ്യമായ 10 കോടി 10 ലക്ഷം രൂപ സർക്കാരിനെ കൊണ്ട് അനുവദിപ്പിച്ചു. അന്ന് കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ ഉണ്ടായിരുന്നില്ല. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ ഇതിനായിയുള്ള പണം എത്തിയിരുന്നു. ഈ സമയത്താണ് കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ വന്നത്. തുടർന്നാണ് തടസ്സങ്ങൾ നേരിട്ടത്. കെ എം മാണി മന്ത്രിയും ജോസ് കെ മാണി, തോമസ് ചാഴികാടൻ എന്നിവർ എം പിമാരായി എല്ലാ അധികാരങ്ങളോടെ വാണിട്ടും ഉണ്ടാവാത്ത നടപടി ഇടതു സർക്കാർ സ്വീകരിച്ചതെന്ന ചെയർമാൻ്റെ പ്രസ്താവന കെ എം മാണിയുടെ അസ്തിത്വത്തെ തള്ളിപ്പറയുകയാണ്. ന്യായമായ ആവശ്യം ഉന്നയിച്ച ഭൂഉടമകളെയും ഇതുവഴി പാലാക്കാരെയും ഇക്കാലമത്രയും ബുദ്ധിമുട്ടിച്ചതിന് ചെയർമാൻ മാപ്പു പറയുകയായിരുന്നു ഉചിതമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. 



ചെത്തിമറ്റത്ത് ഏഴു വർഷമായി തുടർറോഡില്ലാതെ തൂണിൽ നിൽക്കുന്ന കളരിയാന്മാക്കൽ പാലത്തിന് കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ വരുന്നതിന് മുമ്പ് മാണി സി കാപ്പൻ 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. അമ്പത് വർഷക്കാലം പാലായിൽ അധികാരത്തിൽ ഇരുന്ന കേരളാ കോൺഗ്രസ് പാലായിൽ എന്തെങ്കിലും ചെയ്തത് ഇടതുമുന്നണിയിൽ എത്തിയിട്ടാണെന്ന അവകാശം രാഷ്ട്രീയപാപ്പരത്തമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. അപ്പച്ചൻ ചെമ്പൻകുളം അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments