Latest News
Loading...

കെ.ആർ നാരായണൻ റോഡ് വികസന പദ്ധതി നടപ്പാക്കാൻ സർക്കാർ ഫണ്ട് അനുവദിക്കണം


കുറവിലങ്ങാട്: കിടങ്ങൂർ - ഉഴവൂർ - മംഗലത്താഴം - കൂത്താട്ടുകുളം ഡോ. കെ.ആർ നാരായണൻ  റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള 50 കോടി രൂപയുടെ പ്രൊജക്ട് മുൻഗണന നൽകി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പ് മന്ത്രിമാർക്കും
വീണ്ടും നിവേദനം സമർപ്പിച്ചതായി അഡ്വ. മോൻസ് ജോസഫ്   എംഎൽഎ അറിയിച്ചു. 

    കിടങ്ങൂർ - കടപ്ലാമറ്റം - മരങ്ങാട്ടുപള്ളി - കുറിച്ചിത്താനം - ഉഴവൂർ - അരീക്കര - വെളിയന്നൂർ - മംഗലത്താഴം - കൂത്താട്ടുകുളം റീച്ചിൽ വളവുകൾ നികർത്തുന്നതിനും, വീതി കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിനും, വിവിധ സ്ഥലങ്ങളിൽ കിടക്കുന്ന പുറമ്പോക്ക് ഭൂമി റോഡ് വികസനത്തിന് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ടുള്ള സമഗ്രമായ റോഡ് നിർമ്മാണ പദ്ധതിയാണ് കഴിഞ്ഞ സർക്കാരിന്റെ  മന്ത്രിസഭയിൽ സമർപ്പിച്ചിരുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിൽ റോഡ് സർവ്വേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും, തുടർന്ന് പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിക്കാനോ ആവശ്യമായ ഫണ്ട് അനുവദിക്കാനോ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് റോഡ് വികസനം സാധ്യമാക്കുന്നതിന് മുഖ്യ തടസ്സമായി നിൽക്കുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 

     എം.സി റോഡിലെ ഗതാഗത തിരക്ക് കണക്കിലെടുത്ത് ഒരു സമാന്തര പാതയായി വികസിപ്പിക്കാനുള്ള വലിയ സാധ്യതയാണ് കിടങ്ങൂർ - കൂത്താട്ടുകുളം റോഡിലുള്ളത്. ഇക്കാര്യം കണക്കിലെടുത്ത് കൊണ്ട് 2009 - ൽ പൊതുമരാമത്ത് മന്ത്രിസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ അഡ്വ.മോൻസ് ജോസഫ് എംഎൽഎ യാണ് 'ഡോ. കെ.ആർ നാരായണൻ റീച്ച്' എന്ന് നാമകരണം നടത്തിയതും, തകർന്നടിഞ്ഞ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കിയതും എന്നുള്ളതാണ് റോഡ് വികസനത്തിന്റെ ആദ്യ തുടക്കമായി തീർന്നത്. രാജപാത എന്ന പേര് ഉണ്ടായിരുന്നെങ്കിലും ഒരു വണ്ടിക്ക് മാത്രം പോകാൻ കഴിയുമായിരുന്ന വീതികുറഞ്ഞ റോഡ് ടാറിംഗും പൊട്ടിപ്പൊളിഞ്ഞ റോഡുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളക്കെട്ട് മൂലം റോഡ് തകർന്ന് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് കിടങ്ങൂർ - കൂത്താട്ടുകുളം ഗ്രാമീണ റോഡിൽ ഉണ്ടായിരുന്നത്. 

2011-ൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിലേക്ക് കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, ഉഴവൂർ, വെളിയന്നൂർ പ്രദേശങ്ങൾ ചേർക്കപ്പെട്ടതിനെ തുടർന്നാണ് അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുൻ കൈയ്യെടുത്ത് നിലവിലുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് കൊണ്ട് മെച്ചപ്പെട്ട നിലവാരത്തിൽ ടാറിംഗ് നടപ്പാക്കുകയും, സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന ഇന്നത്തെ സാഹചര്യം യാഥാർത്ഥ്യമാക്കുകയും ചെയ്തത് വികസന രംഗത്ത് പുത്തൻ മാതൃകയായിരുന്നു. കിടങ്ങൂർ - കൂത്താട്ടുകുളം റോഡ് നേരത്തെ സർക്കാർ തലത്തിൽ പരിഗണിച്ചിരുന്നത് തിരുവല്ല - നെടുമ്പാശ്ശേരി സംസ്ഥാന പാതയുടെ ഭാഗമായിട്ടാണ്. പക്ഷേ ഇങ്ങനെയൊരു റോഡ് വികസന പദ്ധതിക്ക് നാളിതുവരെ സർക്കാർ തലത്തിൽ ഫണ്ട് ലഭ്യമായിട്ടുള്ളതല്ല.

 ഇത്തരത്തിലുള്ള റോഡിന്റെ ദുര:വസ്ഥ പരിഹരിക്കുന്നതിനാണ്  കിടങ്ങൂർ - കൂത്താട്ടുകുളം റീച്ചിനെ ഡോ.കെ.ആർ നാരായണൻ റോഡ് എന്ന നിലയിൽ പ്രഖ്യാപിച്ചതെന്നും, ആദ്യ ഘട്ടത്തിലുള്ള വികസനം നടപ്പാക്കിയതെന്നും മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. 

     റോഡിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കൊണ്ട് കഴിഞ്ഞ യുഡിഎഫ് - എൽഡിഎഫ് സർക്കാരുകളുടെ കാലഘട്ടത്തിൽ ഈ റീച്ചിന്റെ വികസനം സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രവർത്തി നടപ്പാക്കാനും ഭൂമി ഏറ്റെടുക്കാനും, റോഡ്‌ വികസനം യാഥാർത്ഥ്യമാക്കാനും ആവശ്യമായ ഫണ്ട് സർക്കാർ തലത്തിൽ  അനുവദിച്ചാൽ മാത്രമേ റോഡ് വികസന പദ്ധതി  ജനാഭിലാഷം അനുസരിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂയെന്ന്  എംഎൽഎ വ്യക്തമാക്കി. 

     മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന്റെ ജന്മ ശതാബ്ദി വർഷാചരണം പ്രമാണിച്ച് കിടങ്ങൂർ - ഉഴവൂർ - കൂത്താട്ടുകുളം റോഡ് വികസന പദ്ധതിക്ക് 50 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും, ധനകാര്യ - പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചതായി മോൻസ് ജോസഫ് അറിയിച്ചു. എം.സി റോഡിന് സമാന്തരമായി പുതിയ റോഡ് വികസനം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജനകീയ കൂട്ടായ്മ വിളിച്ച് ചേർക്കുമെന്നും എംഎൽഎ വ്യക്തമാക്കി. 

    കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന സുപ്രധാന പദ്ധതിയാണ് റോഡ് വികസന രംഗത്ത് ഈ പ്രവർത്തിയിലൂടെ നടപ്പാക്കാൻ കഴിയുന്നത്. ഇതോടൊപ്പം മദ്ധ്യ തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാർക്കും നെടുമ്പാശ്ശേരി വിമാനത്താവളം ഉപയോഗിക്കുന്നവർക്കും ഏറ്റവും കൂടുതൽ ഉപയോഗ പ്രദമാകുന്ന യഥാർത്ഥ രാജപാതയായി കെ.ആർ നാരായണൻ റോഡിനെ മാറ്റിയെടുക്കാൻ കഴിയുമെന്നും, ഇത് കേരള സംസ്ഥാനത്തിന് ആകമാനം മുതൽക്കൂട്ടാകുന്ന പദ്ധതിയായിരിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ, മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.