Latest News
Loading...

മൂന്നിലവിൽ താൻ പോയത് ഡാം നിർമാണ സ്ഥലത്തല്ല; വിശദീകരണവുമായി എം എൽ എപുതിയ വികസനപ്രവർത്തനങ്ങളെ മുളയിലെ നുള്ളി കളയുവാൻ ശ്രമങ്ങൾ നടത്തുകയും വികസന അട്ടിമറി അജണ്ടയാക്കി മാറ്റിയവരും നടത്തുന്ന കുപ്രചാരണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. മുന്നിലവിൽ താൻ പോയത് ഡാം നിർമാണ സൈറ്റ് സന്ദർശനത്തിനല്ല. ഒരു ജനപ്രതിനിധി രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഇവിടുത്തെ ചിലയാളുകളെ തെറ്റിദ്ധരിപ്പിച്ചതാണ് വാർത്തയാകുന്നതെന്നും കുളത്തുങ്കൽ പറഞ്ഞു. 

എം എൽ എയുടെ വിശദീകരണ കുറിപ്പ്: 

"..ഈ ദിവസങ്ങളിൽ പുറത്തുവന്ന ചില മാധ്യമ വാർത്തകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്. പൂഞ്ഞാർ, പാലാ നിയോജക മണ്ഡലങ്ങളിലായി നടപ്പിലാക്കുന്നതിന് ലക്ഷ്യംവെച്ച് കേന്ദ്ര ജല ജീവൻ മിഷന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ ബൃഹത്തായ ഒരു കുടിവെള്ള പദ്ധതി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ നിന്നുള്ള ജലം, തുരങ്കം മുഖേനയോ, പൈപ്പ് ലൈൻ വഴിയോ എത്തിച്ച് ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.

 ഇതിന്റെ ആദ്യഘട്ടത്തിൽ പാലാ നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് പൂഞ്ഞാർ നിയോജക മണ്ഡലത്തിലേയ്ക്കു കൂടി പദ്ധതി വിപുലീകരിക്കാനുള്ള അനുമതി ലഭിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ
പൂർണ്ണരൂപവും പേരും സംബന്ധിച്ച് ചില അവ്യക്തതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എങ്കിലും ഈ പദ്ധതി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുമ്പോൾ അതിന് പൂഞ്ഞാർ കുടിവെള്ള പദ്ധതി എന്ന പേര് നൽകാനാണ് ആഗ്രഹിക്കുന്നത്.

 എംഎൽഎ എന്ന നിലയിൽ ഈ വിവരം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്കുവേണ്ടി മലങ്കര ഡാമിൽ നിന്നും പ്രതിദിനം 30 എംഎൽഡി (പ്രതിദിനം30 മില്യൺ ലിറ്റർ ) ജലം എടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ പദ്ധതി പൂർണമായി നടപ്പിലാക്കി കഴിയുമ്പോൾ പ്രതിദിനം 42 എംഎൽഡി ജലം വേണ്ടിവരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

സ്വാഭാവികമായും ഈ കുറവ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജല വിതരണത്തിന് തടസമാകും. ഇതിന് പരിഹാരം കാണുന്നതിന് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തന്നെ ഒരു സഹായക ജലസ്രോതസ്സ് (സപ്പോർട്ടിങ് റിസോഴ്സ്) കണ്ടെത്തുവാൻ നിശ്ചയിച്ചു. അതിന്റെ ഭാഗമായി തീക്കോയി പഞ്ചായത്തിൽ 13-)0 വാർഡിൽ മീനച്ചിലാറിന്റെ ഭാഗമായ തീക്കോയി ആറും കളത്തൂക്കടവ് ആറും കൂടിച്ചേരുന്ന ഭാഗത്ത് ഒരു ജലസംഭരണി എന്ന നിലയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് തീരുമാനിക്കുകയും പ്രാഥമിക പരിശോധന നടത്തുന്നതിന് ഹൈഡ്രോളജി (ജല ശാസ്ത്രം) വിഭാഗത്തിന്റെ കൂടി ചുമതലയുള്ള ജലവിഭവ വകുപ്പിന്റെ ഗവേഷണവും രൂപകൽപ്പനയും വിഭാഗം ചീഫ് എഞ്ചിനീയറും ഞാനും ജൂലൈ നാലാം തീയതി പ്രസ്തുത സ്ഥലം സന്ദർശിക്കുകയുണ്ടായി. 

ഇതിന് ശേഷം റഗുലേറ്റർ കം ബ്രിഡ്ജിന് ഡിസൈൻ, സംഭരണശേഷി തുടങ്ങിയ കാര്യങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ജലസ്രോതസ്സി നെക്കുറിച്ച് മനസ്സിലാക്കുന്നതിനായി മീനച്ചിലാറിന്റെ വിവിധ കൈവഴികൾ സന്ദർശിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പഴുക്കാകാനത്ത് കട്ടി ക്കയം തോട് ഭാഗത്തെത്തിയപ്പോൾ കുറച്ചാളുകൾ ഞങ്ങളെ സമീപിക്കുകയും ഇവിടെ ഡാം നിർമ്മാണം അനുവദിക്കില്ല എന്ന് പറയുകയുണ്ടായി. ഞങ്ങൾ ഡാം നിർമാണത്തിന് വന്നതല്ല എന്നും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സ് ഉറപ്പുവരുത്തുന്നതിനു വേണ്ടി സാധ്യതാ പഠനം നടത്തുന്നതിന് എത്തിയതാണെന്നും അറിയിച്ച് തിരിച്ചു പോന്നു. 

ഈ സംഭവത്തിന് ഇടയായത്, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ചുമതലയുള്ള ഒരു ജനപ്രതിനിധി രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഇവിടുത്തെ ചിലയാളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുന്നു.

            പാലാ നിയോജക മണ്ഡലത്തിൽ ഡാം നിർമ്മിക്കുന്നതിനോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല. അത് എന്റെ അധികാരപരിധിയിലുള്ള കാര്യവുമല്ല. ഇക്കാര്യത്തിൽ പാല എംഎൽഎ തെറ്റി ദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. അദ്ദേഹത്തിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.ഇക്കാര്യത്തിൽ എന്റെ ഏകലക്ഷ്യം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്നുള്ളത് മാത്രമാണ്. കാലാകാലങ്ങളായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യാതൊരു വികസനവും നടത്താതെയിരുന്ന ചിലയാളുകൾ പുതിയ വികസനപ്രവർത്തനങ്ങളെ മുളയിലെ നുള്ളി കളയുവാൻ ശ്രമങ്ങൾ നടത്തുകയും വികസന അട്ടിമറി അജണ്ടയാക്കി ഇറങ്ങിത്തിരിച്ചിരിക്കുകയുമാണ്.

 അതിന്റെ ഭാഗമാണ് ഈ കുപ്രചാരണങ്ങൾ എല്ലാം. എന്തൊക്കെ കുതന്ത്രങ്ങൾ പ്രയോഗിച്ചാലും വികസന അജണ്ടയിൽ നിന്നും ഒരിഞ്ചു പോലും പിന്മാറാതെ മുന്നോട്ടുതന്നെ പോകും എന്ന് ജനങ്ങളെ അറിയിക്കുവാൻ ആഗ്രഹിക്കുകയാണ്. ഉറങ്ങുന്നവരെ നമുക്ക് ഉണർത്താം, ഉറക്കം നടിക്കുന്നവരെ ആവില്ലല്ലോ. പൂഞ്ഞാർ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് നിയോജക മണ്ഡലത്തിലെ എല്ലാ നല്ല ആളുകളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. "