Latest News
Loading...

കനത്തമഴയിലും ചുഴലികാറ്റിലും പൂവകുളത്ത് വന്‍ നാശനഷ്ടം


പാലാ : പാലാ കടുത്തുരുത്തി നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിയായ രാമപുരം പഞ്ചായത്തിലെ മേതിരി, വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളം ഭാഗങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.15 മണിക്ക് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും രാമപുരം വില്ലേജിലും വെളിയന്നൂര്‍ വില്ലേജിലും വന്‍ നാശനഷ്ടം. കനത്ത മഴയോടൊപ്പം വീശിയടിച്ച അതി ശക്തമായ ചുഴലിക്കാറ്റില്‍ 10 മീറ്ററിലധികം ദൂരെ നിന്ന് പോലും മരച്ചില്ലകള്‍ ഉള്‍പ്പടെയുള്ള ഭാരമേറിയ വസ്തുക്കള്‍ വീടിന്റെയും തൊഴുത്തുകളുടെയും കോഴിക്കൂടുകളുടെയും മുകളില്‍ പതിച്ച് വന്‍ മരങ്ങള്‍ മറിഞ്ഞുവീണതുമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണവിപണി ലക്ഷ്യമിട്ട് വാഴകൃഷിയിലും പച്ചക്കറി കൃഷിയിലും ഏര്‍പ്പെട്ടവര്‍ക്ക് കനത്ത നഷ്ടമാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്. റബ്ബര്‍ മരങ്ങളുള്‍പ്പടെയുള്ള നിത്യേന ആദായം നല്‍കിയിരുന്ന മരങ്ങള്‍ കൂട്ടത്തോടെ ഒടിഞ്ഞുവീണത് കോവിഡ് കാലത്ത് കൂനിന്‍മേല്‍ കുരുവായി. പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്.

മാണി.സി.കാപ്പന്‍ എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, എം.പി.കൃഷ്ണന്‍നായര്‍, മീനച്ചില്‍ തഹസീല്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യുട്ടി തഹസീല്‍ദാര്‍മാരായ എം.ഡി ജോര്‍ജ്ജ്, സജിമോന്‍ മാത്യു, വില്ലേജ്ഓഫീസര്‍മാരായ റോഷന്‍ ജോര്‍ജ്ജ്, ബിന്ദു തോമസ്, കൃഷി ഓഫീസര്‍മാരായ പ്രജിത പ്രകാശ്, സാനി ജോര്‍ജ്ജ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളും രാഷ്ട്രീയകക്ഷി നോതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു.



പ്രാഥമിക കണക്കെടുപ്പില്‍ 25 ഓളം വീടുകള്‍ ഭാഗികമായും 1 വീട് പൂര്‍ണ്ണമായും തകര്‍ന്നതായും കൂടാതെ നിരവധി തൊഴുത്തുകള്‍ക്കും നാശനഷ്ടമുണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. ടാപ്പിംഗ് നടത്തികൊണ്ടിരുന്ന 1000 ല്‍ അധികം റബ്ബര്‍ മരങ്ങള്‍ 600 ഓളം കുലച്ച വാഴകള്‍ ,നിരവധി തെങ്ങ്,ജാതി,തേക്ക്,പ്ലാവ്,ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളും നഷ്ട്ടപ്പെട്ടിട്ടുള്ളതായും പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്.  

കോവിഡ് മഹാമാരിയുടെ കാലത്ത് സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പ്രകൃതിക്ഷോഭം മൂലം ഉണ്ടായ ഈ ദുരന്തത്തിന് ഇരയായവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മാണി.സി.കാപ്പന്‍ എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments