Latest News
Loading...

ബൈപ്പാസ് : ഒട്ടേറെ തടസ്സങ്ങൾ നേരിട്ടതായി മാണി സി കാപ്പൻ


പാലാ: ബൈപ്പാസ് പൂർത്തീകരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എന്നാൽ അവയെല്ലാം തരണം ചെയ്യാൻ സാധിച്ചു. എം എൽ എ ആകുന്നതിന് മുമ്പ് താനാണ് ബൈപ്പാസ് പൂർത്തീകരണത്തിന് തടസ്സമെന്ന് പ്രചാരണം നടത്തി. ഓരോ തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകൾക്കു ശേഷവും നടപടി ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിൽ നിശ്ചയിച്ച തുകയിലെ അപാകതയാണ് സ്ഥലമുടമകളെ നിയമനടപടികൾക്കു പ്രേരിപ്പിച്ചത്. എന്നാൽ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ല.

താൻ എം എൽ എ ആയതിൻ്റെ പിറ്റേന്ന് ചിലർ ബൈപ്പാസ് പൂർത്തീകരിച്ചില്ലെന്നു പറഞ്ഞു സമരം നടത്തി. താൻ എം എൽ എ ആയപ്പോൾ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇതിനായി 10 കോടി 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോയി. പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടികൾക്കു പല തവണ തടസ്സം നേരിട്ടു. 2020 സെപ്റ്റംബറിൽ പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടും നൂലാമാലകൾ രൂപപ്പെട്ടു. സ്ഥലം ഏറ്റെടുത്തതിൽ ചാരിതാർത്ഥ്യമുണ്ട്.



വർഷങ്ങളായി നാലു തൂണിൽ നിൽക്കുകയാണ് കളരിയാന്മാക്കൽ പാലം. അപ്രോച്ച് റോഡ് ഇല്ലാതെയാണ് പാലം പൂർത്തീകരിച്ചത്. ഇതിനായി സർക്കാരിനെക്കൊണ്ട് 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. ഇതിൻ്റെ നടപടികളും ഒച്ചിഴയുംവിധമാണ് നീങ്ങുന്നത്. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments