Latest News
Loading...

കോവിഡ് കാലത്തെ രക്തക്ഷാമം വാക്സിനുമുമ്പ് രക്തദാനം ചാലഞ്ച് തുടരുന്നു

പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിനായി വാക്സിനു മുമ്പ് രക്തദാനം എന്ന ചലഞ്ച് ഏറ്റെടുത്ത് നിരവധി കുടുംബാഗംങ്ങൾ . ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി നടപ്പിലാക്കുന്ന വാക്സിനു മുമ്പ് രക്തദാനം എന്ന പരിപാടിയിൽ പാലാ കിസ്കോ-മരിയൻ ബ്ലഡ് ബാങ്കിൽ അമ്മയും മകളും രക്തം ദാനം ചെയ്തു.പാലാ ബ്ലഡ് ഫോറം ഡയറക്ടർ കെ ആർ സുരജിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. പാലാ പാലത്തും തലയ്ക്കൽ അനിലിൻ്റെ മകൾ പൊന്നു അന്നിലും ഭാര്യ ഷീബാ അനിലും ഇന്ന് രക്തദാനം നടത്തിയ അമ്മയും മകളും.

 മാതാപിതാക്കളും മക്കളും സഹോദരങ്ങളും കൂടാതെ ഒരേ പ്രദേശത്തു നിന്നുമുള്ള കൂട്ടുകാരും ഈ ചലഞ്ച് ഏറ്റെടുത്ത് ഒരുമിച്ച് മുൻപോട്ടു വരുന്നുണ്ടെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. 
ഇനിയും കൂടുതൽ ആളുകൾ ഈ ചലഞ്ച് ഏറ്റെടുത്ത് മുൻപോട്ടു വന്നില്ലെങ്കിൽ ആവശ്യത്തിന് രക്തം കിട്ടാൻ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീർണാവസ്ഥയിൽ നിന്നും രക്ഷപെടുവാൻ സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു.

     ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ. കോവിഡുമൂലം ഒരു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് നീങ്ങുന്നത്.

 കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 
  കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞും കോവിഡ് വന്ന് നെഗറ്റീവ് ആയതിന് ശേഷം ഒരു മാസം കഴിഞ്ഞും രക്തം ദാനം ചെയ്യാവുന്നതാണ്.

        കോവിഡ് മഹാമാരിയും വാക്സിൻ സ്വീകരണവും തുടങ്ങി വിവിധ പ്രശ്നങ്ങൾ രക്തദാതാക്കളെ കണ്ടെത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. 
ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.
 



    18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. 

   രക്തം ദാനം ചെയ്യുവാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments