Latest News
Loading...

8 റോഡുകളുടെ പുനരുദ്ധാരണം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

റീബില്‍ഡ് കേരള പദ്ധതിയില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

 അതിരമ്പുഴ, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ജില്ലാ പാതകളായ ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ്, കുടയംപടി-പരിപ്പ്, അതിരമ്പുഴ-ലിസ്സി-കൈപ്പുഴ, മാന്നാനം-കൈപ്പുഴ, മാന്നാനം-പുലിക്കുട്ടിശ്ശേരി, അതിരമ്പുഴ-കോട്ടമുറി, പാറോലിക്കല്‍ അതിരമ്പുഴ റോഡുകളാണ് കെ.എസ്.ടി.പിയുടെ ചുമതലയില്‍ പുനരുദ്ധരിക്കുന്നത്. 

 രാവിലെ 11.30ന് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. തോമസ് ചാഴികാടന്‍ എം.പി പ്രഭാഷണം നടത്തും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു വലിയമല(അതിരമ്പുഴ), റോസിലി ടോമിച്ചന്‍(ആര്‍പ്പൂക്കര), സബിത പ്രേംജി(അയ്മനം) വി.കെ. പ്രദീപ്(നീണ്ടൂര്‍) മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി.കെ. ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

ആകെ 20.2 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 145.39 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ത്തീകരണ ശേഷം അഞ്ച് മാസത്തെ പരിപാലന കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്.


Post a Comment

0 Comments