Latest News
Loading...

ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷന്‍ കോട്ടയം ജില്ലയില്‍ 15 മുതല്‍

ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടി മാതൃകവചം കോട്ടയം ജില്ലയില്‍ ജൂലൈ 15 ന് ആരംഭിക്കും.

കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും സമയബന്ധിതമായി കോവിഡ് വാക്സിന്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും 15ന് രാവിലെ 10 മുതല്‍ ഗര്‍ഭിണികളുടെ വാക്സിനേഷന്‍ നടക്കും. അന്ന് മറ്റുള്ളവര്‍ക്ക് വാക്സിനേഷന്‍ ഇല്ല.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കു മാത്രമായി വാക്സിന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. 

കാമ്പയിനിന്‍റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവര്‍ക്ക് അതിന് നിര്‍ദേശം നല്‍കും. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തവരെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിക്കും. 



ഗർഭാവസ്ഥയുടെ ഏത് കാലയളവിലും നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും.  

 വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം ഇവ ഉണ്ടാകാം. കുത്തിവയ്പ്പിനു ശേഷവും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ശുചീകരിക്കുകയും ചെയ്യുന്നത് തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.


Post a Comment

0 Comments