Latest News
Loading...

കുടിവെള്ളപദ്ധതിയുടെ പേര് രാമപുരമാണെന്ന സർക്കാർ രേഖ പുറത്തുവിട്ട് മാണി സി കാപ്പൻ


പാലാ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പേര് മാണി സി കാപ്പൻ പറഞ്ഞതു തന്നെയാണെന്നു വ്യക്തമായി. പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നതാണെന്നു തെളിയിക്കുന്ന സർക്കാർ രേഖ മാണി സി കാപ്പൻ എം എൽ എ പുറത്തുവിട്ടു.  

2021 ജനുവരി 23 നു കേരള വാട്ടർ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് ഈരാറ്റുപേട്ട കുടിവെള്ള പദ്ധതിയും രാമപുരം പദ്ധതിയും ചേർന്ന സംയോജിത പദ്ധതിക്കായി മലങ്കര ഡാമിൽ നിന്നും പ്രതിദിനം 30 ദശലക്ഷം ലിറ്റർ ജലം ഉപയോഗിക്കുന്നതിന് നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം മലങ്കര ഡാമിൽനിന്നു ഈരാറ്റുപേട്ട കുടിവെള്ള പദ്ധതിയും രാമപുരം പദ്ധതിയും ചേർന്ന സംയോജിത പദ്ധതിക്കായി 30 ദശലക്ഷം ലിറ്റർ ജലം മലങ്കര റിസർവോയറിൽനിന്നും ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിയായ എൻ എം ജോസഫ് വിഭാവനം ചെയ്ത നീലൂർ കുടിവെള്ള പദ്ധതി പരിഷ്ക്കരിച്ചു നടപ്പാക്കുന്നതാണ് രാമപുരം പദ്ധതി. 150 കോടിയോളം ചിലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപഭോക്താക്കളും ചേർന്നാണ് വഹിക്കുന്നത്. പാലാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.


നിർദ്ദിഷ്ട രാമപുരം പദ്ധതിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ മാണി സി കാപ്പൻ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ കേരളാ കോൺഗ്രസ് ജോസ് വിഭാഗം ജനപ്രതിനിധികൾ പദ്ധതിയുടെ പേര് നീലൂർ കുടിവെള്ളപദ്ധതിയാണെന്നും രാമപുരം എന്ന പേരിൽ പദ്ധതിയില്ലെന്ന ആക്ഷേപവുമായി രംഗത്തു വന്നിരുന്നു. എം എൽ എ രേഖ പുറത്തു വിട്ടതോടെ ജോസ് വിഭാഗം ജനപ്രതിനിധികളുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

Post a Comment

0 Comments