Latest News
Loading...

കടുത്തുരുത്തി എംഎൽഎ വാടക വീടിന്റെ പുരപ്പുറത്ത് കയറിയിരുന്ന് വീരസ്യം വിളമ്പുന്നു. സണ്ണി തെക്കേടം

അംഗീകാരവും അണികളും അസ്ഥിത്വവും നഷ്ടമായി മൃതാവസ്ഥയലെത്തി ,പി സി തോമസിൻ്റെ കാൽച്ചുവട്ടിൽ അഭയംതേടിയവർ വാടക വീടിന്റെ പുരപ്പുറത്തുകയറി വീരസ്യം വിളമ്പുക യാണെന്ന് കേരള കോൺഗ്രസ്( എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

    നിയോജകമണ്ഡലം പുനർനിർണയം വന്നപ്പോൾ ഇനി എൽഡിഎഫ് മുന്നണിയിൽ നിന്നാൽ എംഎൽഎ ആകില്ലെന്ന് കണക്കുകൂട്ടി, ആ മുന്നണിയെ ചതിച്ച് കേരള കോൺഗ്രസ് എമ്മിൽ പ്രവേശിക്കാൻ ക്യൂ നിന്ന് യാചിച്ചപ്പോൾ, രാഷ്ട്രീയ അഭയം നൽകിയ കെഎം മാണിയെയും, അദ്ദേഹത്തിന്റെ പാർട്ടിയെയും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പിന്നിൽനിന്ന് കുത്തി, പാർട്ടിയെ വിഘടിപ്പിക്കാൻ നേതൃത്വം നൽകിയ കടുത്തുരുത്തി എംഎൽഎ യുടെ വിലകുറഞ്ഞ വാക്കുകൾക്ക് മറുപടി അർഹിക്കുന്നില്ല.    

     രാഷ്ട്രീയ മര്യാദകൾ മുഴുവൻ കാറ്റിൽപറത്തി ഇപ്പോൾ അഭയം ലഭിച്ച പാർട്ടിയിൽ എല്ലാവരെയും ഒതുക്കി മൂലയ്ക്കിരുത്തി, കേരളാകോൺഗ്രസ് ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത എക്സിക്യൂട്ടീവ് ചെയർമാൻ എന്ന സ്വയം നിർമ്മിത പദവിയിലിരുന്ന്, പൊതു സമൂഹത്തിലും ജനപിന്തുണയിലും ഒറ്റപ്പെട്ടവർ ഇപ്പോൾ, ജനകീയ അംഗീകാരവും സംസ്ഥാനത്തെ പ്രധാന കക്ഷിയും ആയ കേരള കോൺഗ്രസ് (എം) പുലഭ്യം പറയുന്നത് താൻ അധികാര മോഹിയാണെന്ന് പൊതുസമൂഹം മനസ്സിലാക്കിയതിലുള്ള ജാള്യത മറയ്ക്കാനാണന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം ആരോപിച്ചു.

 മോൻസ് ജോസഫ് എംഎൽഎ, പ്രസ് ക്ലബ്ബിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2016 ൽ 44,000 വോട്ടിന് വിജയിച്ച കടുത്തുരുത്തിയിൽ എൻഡിഎ ഘടകകക്ഷിയായ പിസി തോമസിൻ്റെ കാലുപിടിച്ച് ചിഹ്നവും അംഗീകാരവും തൽക്കാലം തരപ്പെടുത്തി കോടികൾ വാരി എറിഞ്ഞ്, ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ മാർക്കറ്റ് ചെയ്തു, കോട്ടയം ജില്ലയിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിൽ ഞെങ്ങി ഞെരുങ്ങി ജയിച്ചയാൾ നടത്തുന്ന ഇത്തരം പ്രസ്താവനകൾ, വാടക വീടിന്റെ പുരപ്പുറത്തു കയറി നടത്തുന്ന വീരസ്യം വിളമ്പൽ ആണെന്ന് സണ്ണി തെക്കേടം പ്രസ്താവിച്ചു.

 2016 കടുത്തുരുത്തിയിൽ 44000 വോട്ടുകൾക്ക് ജയിച്ച മോൻസ് ജോസഫ്2021 നാലായിരത്തിലേക്ക് എത്തി കഷ്ടിച്ച് കടന്നു കൂടുകയാണ് ഉണ്ടായത്. 2016ൽ പിസി തോമസ് വിഭാഗം എൻഡിഎ സ്ഥാനാർഥി 17500 വോട്ട് പിടിച്ചു. ബിജെപി സ്വന്തം ചിഹ്നമായ താമരയിൽ മത്സരിച്ചിട്ടും 2021 10,500 വോട്ട് മാത്രമെ കിട്ടിയുള്ളൂ. അഞ്ചുവർഷം കൊണ്ട് കൂടിയ വോട്ടുകൾ കൂടി കണക്കിലെടുത്താൽ, പതിനായിരത്തോളം വോട്ടുകൾ കച്ചവടം നടത്തിയതായി ഏതൊരാൾക്കും മനസ്സിലാകും. സംസ്ഥാനത്ത് 10 സീറ്റുകൾ യുഡിഎഫിൽ നിന്ന് വിലപേശി വാങ്ങി മത്സരിച്ചവർ കഷ്ടിച്ച് രണ്ടു സീറ്റിൽ ഒതുങ്ങി.

    അണികൾ ഇല്ലാത്ത അംഗീകാരമില്ലാത്ത ചിഹ്നം ഇല്ലാത്ത പി സി തോമസ് വിഭാഗം, സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട കക്ഷിയായ കേരള കോൺഗ്രസ് (എം) നെ പരിഹസിക്കുന്നത്, രാഷ്ട്രീയ പാപ്പരത്തം ആണെന്ന് സണ്ണി തെക്കേടം പറഞ്ഞു .പ്രതീക്ഷ നഷ്ടപ്പെട്ട അവശിഷ്ട കേരള കോൺഗ്രസ് പ്രവർത്തകർക്ക് കേരള കോൺഗ്രസ് എമ്മിൽ അഭയം നൽകാൻ പാർട്ടി തയ്യാറാണെന്നും, ഇതിനുള്ള ചർച്ചകൾ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ പുരോഗമിക്കുകയാണെന്നും സണ്ണി തെക്കേടം വ്യക്തമാക്കി.