Latest News
Loading...

ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു

മീൻ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു. ഉപ്പുതറ കെട്ടിയറ ഭാഗത്താണ് ഇന്നലെ മാട്ടുത്താവളം സ്വദേശികളായ കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനു (31) എന്നിവരെ കാണാതായത്. ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രി രക്ഷാ പ്രവർത്തനം നിർത്തി വച്ചിരുന്നു. 

 ഇന്ന് രാവിലെ പീരുമേട് തഹസിൽദാർ കെ.എസ്. സതീശൻ, ഉപ്പുതറ വില്ലേജാഫീസർ പ്രിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്കൂബാ ടീമാണ് തിരച്ചിൽ നടത്തുന്നത്. ഇടക്കിടെ പെയ്യുന്ന കനത്ത മഴയും അടിയൊഴുക്കും തിരച്ചിലിനു തടസമാകുന്നുണ്ട്. സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് നാലോടെയാണ് മൂന്നു പേരടങ്ങുന്ന സംഘം മീൻ പിടിക്കാൻ ഇവിടെയെത്തിയത്. മാണിക്കകത്ത് രതീഷ് (31) എന്നയാളായിരുന്നു ഒപ്പമായിരുന്നത്. ജലാശയത്തിന്റെ വശത്തു നിന്ന് വല വീശുന്നതിനിടയിൽ ജോയിസ് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇത് കണ്ടു നിന്ന മനു ജോയിസിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി. നല്ല ആഴമുണ്ടായിരുന്നതിനാൽ ഇരുവരും ആഴത്തിലേക്ക് താഴുകയായിരുന്നു. മനേഷിന് രക്ഷപെടാൻ അവസരം ഉണ്ടായിരുന്നെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ വീണ്ടും നീന്തുകയും ഒഴുക്കിൽ പെടുകയുമായിരുന്നു. 

കരയിൽ നിന്ന രതീഷിന് ഈ സമയം നിസഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. ഇയാൾ ഒച്ചവച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും ആഴത്തിലേക്ക് മുങ്ങിതാണിരുന്നു.


Post a Comment

0 Comments