Latest News
Loading...

ചേർപ്പുങ്കൽ പാലം നിർമ്മാണം; മന്ത്രി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു.


പാലാ: കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ അറിയിച്ചു. 

     ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിയുടെ വിശദാംശങ്ങൾ

പരിശോധിച്ച ശേഷം എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ പ്രശ്ന പരിഹാരം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനം കൈക്കൊളളാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി നൽകിയതായി എം.എൽ.എമാർ വ്യക്തമാക്കി. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിനിടയിൽ എം.എൽ.എമാരായ അഡ്വ.മോൻസ് ജോസഫ്, മാണി.സി. കാപ്പൻ എന്നിവർ പൊതുമരാമത്ത്  വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ വ്യക്തതയോടെ ധാരണ ഉണ്ടാക്കിയിരിക്കുന്നത്. 

     ചേർപ്പുങ്കൽ പാലം മുടങ്ങിയ ശേഷം ഉദ്യോഗസ്ഥ തലത്തിലും, സർക്കാർ തലത്തിലും നിലപാട് മാറ്റമില്ലാതെ വന്നപ്പോൾ പ്രവർത്തി ഏറ്റെടുത്ത കമ്പനിയും, കരാറുകാരനും കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച വിധിയിൽ സർക്കാരിന് കൊടുത്ത നിർദ്ദേശം ആറ്  ആഴ്ചക്കുള്ളിൽ പരാതി പരിശോധിച്ച് തീർപ്പുണ്ടാക്കാനാണ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന ഹിയറിംഗിന് ശേഷം  ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണത്തിന്റെ തുടർ നടപടികൾ പരമാവധി വേഗത്തിൽ നടപ്പാക്കണമെന്ന ആവശ്യമാണ് എം.എൽ.എമാർ സർക്കാരിൽ ഉന്നയിച്ചിരിക്കുന്നത്.

     പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം പ്രധാന ഉദ്യോഗസ്ഥരുടെയും, കരാറുകാരന്റെയും സാന്നിദ്ധ്യത്തിൽ പ്രശ്ന പരിഹാരം സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ബന്ധപ്പെട്ടവരെ പങ്കെടുപ്പിപ്പ് ഒരു ചർച്ച കൂടി നടത്താൻ തീരുമാനിച്ചതായി എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, മാണി.സി.കാപ്പൻ എന്നിവർ അറിയിച്ചു.

     ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിപ്പോകാൻ ഇടയായ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു.      

     ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മിക്കുന്നത് കിടങ്ങൂർ പഞ്ചായത്തിന്റെ അതിർത്തി ഭൂമിയിലാണ്. മീനച്ചിലാറ്റിൽ മൂന്ന് സ്പാനിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് സർക്കാർ തലത്തിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി പാലം നിർമ്മാണം തടസ്സപ്പെട്ടതെന്ന് എം.എൽ.എമാർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ അംഗീകരിച്ച് കൊടുത്തത് കൃത്യമായിട്ടാണ്. എന്നാൽ നിശ്ചയിക്കപ്പെട്ട നാല് സ്പാനിന്റെ ക്വാണ്ടിറ്റി നിർണ്ണയിച്ചതിൽ വ്യത്യാസം സംഭവിച്ചതായി പ്രവർത്തി ഏറ്റെടുത്ത കമ്പനി ചൂണ്ടിക്കാണിച്ച് കൊണ്ട് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് കത്ത് നൽകുകയുണ്ടായി. തുടർന്ന് 2020-ൽ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടത്തിയെങ്കിലും ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തലത്തിൽ തയ്യാറാകാതെ വന്നതാണ് പാലം നിർമ്മാണം മുടങ്ങാൻ ഇടയായത്.  ഇങ്ങനെയുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യമാണ് എം.എൽ.എമാർ ഉന്നയിച്ചിരിക്കുന്നത്.

     ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്. ചേർപ്പുങ്കൽ മെഡിസിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നിരന്തരമായി എത്തുന്ന ആംബുലൻസുകൾക്കും, രോഗികളുമായി വരുന്ന വാഹനങ്ങൾക്കും യാത്രാ തടസ്സം നേരിടുന്നത് നിത്യസംഭവമാണ്. സ്കൂൾ - കോളേജ് ക്ലാസ്സുകൾ പൂർണ്ണമായി തുടക്കം കുറിച്ചാൽ നിലവിലുള്ള ചെറിയ പാലത്തിലൂടെയുള്ള വാഹന യാത്രയും, കാൽനട യാത്രയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇക്കാര്യങ്ങൾ ഗൗരവ്വമായി സർക്കാർ കണക്കിലെടുക്കണമെന്ന് എം.എൽ.എമാർ മന്ത്രിയോട് അഭ്യർത്ഥിച്ചു. 

    പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അഡ്വ. മോൻസ് ജോസഫ് പ്രവർത്തിച്ചിരുന്ന 2009 കാലഘട്ടത്തിലാണ് ചേർപ്പുങ്കൽ സമാന്തര പാലത്തിന് 9 കോടി രൂപ അനുവദിച്ച് ഉത്തരവായത്. പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലും കേസ് വന്നതിനെ തുടർന്നാണ് പ്രവർത്തി നടപ്പാക്കാൻ കഴിയാതെ കാലതാമസം നേരിടേണ്ടി വന്നത്. ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും കേസ് ജയിച്ച ശേഷമാണ് പുതുക്കിയ ഡിസൈൻ അംഗീകരിച്ച് കിട്ടിയത്. എല്ലാ പ്രശ്നങ്ങളും തീർത്ത് പാലം നിർമ്മാണം ആരംഭിച്ച ശേഷം സർക്കാർ തലത്തിലും,  പൊതുമരാമത്ത് വകുപ്പ് തലത്തിലും ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

 ഇക്കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, മാണി.സി. കാപ്പൻ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.