Latest News
Loading...

പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടു വരണം. മോൻസ് ജോസഫ് എംഎൽഎ

കടുത്തുരുത്തി: പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും, നിയമസഭാ പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. 

    അന്യായമായി അടിച്ചേൽപ്പിക്കുന്ന പെട്രോൾ - ഡീസൽ വിലവർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കടുത്തുരുത്തിയിൽ നടത്തിയ പ്രതിഷേധ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

    പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാൻ ഉപകരിക്കുമെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു.

    ദേശീയ തലത്തിൽ ഏകീകൃത വിപണി എന്നത് ജി.എസ്.ടി നിയമത്തിന്റെ മുഖ്യ ലക്ഷ്യമാണ്. പെട്രോൾ - ഡീസൽ വിലയുടെ 60% കേന്ദ്ര - സംസ്ഥാന നികുതികളാണെന്നും ഇത് കുറച്ചാൽ വില നിയന്ത്രണം സാധ്യമാക്കാൻ കഴിയുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

   ജി.എസ്.ടി ബാധകമാക്കിയാൽ പരമാവധി 28% നികുതി മാത്രമേ ദേശീയ - സംസ്ഥാന വിപണികളിൽ വരികയുള്ളു. ജി.എസ്.ടി കൗൺസിൽ ഇതിന് അംഗീകാരം നൽകിയാൽ ഇന്ധന വിലവർദ്ധനവിന്റെ ജനദ്രോഹ സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. അടിക്കടി അന്യായമായി നടത്തിക്കൊണ്ടിരിക്കുന്ന ഇന്ധന വില വർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും, യാത്രാക്കൂലി വർദ്ധനവിനും ഇട വരുത്തുന്നത് മൂലം സാധാരണ ജനങ്ങൾ കോവിഡ് കാലഘട്ടത്തിൽ പരിപൂർണ്ണമായി വലയുകയാണ്. ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. 

    പെട്രോൾ - ഡീസൽ വിലവർധന മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനാണ് കേരളാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. 

    കടുത്തുരുത്തിയിൽ നടത്തിയ കൂട്ട ധർണ യിൽ കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, ജെയിംസ് തത്തംങ്കുളം, ലൈസ്യമ്മ മുല്ലക്കര , വാസുദേവൻ നമ്പൂതിരി, ജോണി കണിവേലിൽ, സെബാസ്റ്റ്യൻ കോച്ചേരി, ജോണിച്ചൻ പൂമരം, ജിൻസ് ചക്കാല, ജോസ്മോൻ മാളിയേക്കൽ, അരുൺ പുഞ്ചയിൽ, നിജോ ജോയി മാളിയേക്കൽ 
എന്നിവർ പങ്കെടുത്തു. 


Post a Comment

0 Comments