Latest News
Loading...

കർഷകരക്ഷാ പ്രോജക്ട് സർക്കാർ ആവിഷ്കരിക്കണം. - മോൻസ് ജോസഫ് എം.എൽ.എ


തിരുവനന്തപുരം/ കടുത്തുരുത്തി: കാർഷിക കേരളം ഈ കോവിഡ് കാലഘട്ടത്തിൽ നേരിടുന്ന തകർച്ചയെ മറികടക്കുന്നതിനും, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതി ജീവിക്കുന്നതിനും ഉപകരിക്കുന്ന വിധത്തിലുള്ള സമഗ്ര കർഷകരക്ഷാ പ്രോജക്ടിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ലീഡറും, പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.
    ഗവർണറുടെ നയ പ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

   നീണ്ടു പോകുന്ന കോവിഡ് ഭീഷണിയും ലോക് ഡൗണിലും ശക്തമായ കാറ്റിലും, മഴയിലും തകർന്നടിഞ്ഞ കർഷക സമൂഹത്തിനായി സർക്കാർ നൽകേണ്ട കരുതലും സഹായവും ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും നിർണ്ണായമാണ്. വിളവെടുക്കാനാകാതെയും, കൃഷി നാശം സംഭവിച്ചും, വിലയില്ലാതെയും വിപണിയില്ലാതെയുമൊക്കെ ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് കൃഷിക്കാർ അഭിമുഖീകരിക്കുന്നത്. ഈ സ്ഥിതിവിശേഷം കണക്കിലെടുത്തുള്ള കാർഷിക ആശ്വാസ പദ്ധതികൾ രണ്ടാം എൽ.ഡി.എഫ് തുടർ ഭരണ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇല്ലാതെ പോയത് ഖേദകരമാണ്. ഈ സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണം. കർഷകരുടെ വരുമാനം 50% ഉയർത്തുമെന്ന് നയ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന് ആവശ്യമായ യാതൊരുവിധ അനുബന്ധ നടപടികളും വ്യക്തമാക്കിയിട്ടില്ല. സന്തോഷിപ്പിക്കാനുള്ള വാഗ്ദാനങ്ങളല്ല വേണ്ടത്  മറിച്ച് ഫലപ്രദമായ നടപടികളാണ് ആവശ്യമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. 

    നെല്ല് സംഭരണത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. എല്ലാ വർഷവും കൊയ്ത്തിന് ശേഷം ഒന്നും രണ്ടും മാസക്കാലം പാടത്ത് നെല്ല് കൂട്ടിയിടുകയും, മില്ലുകാരുടെ സ്ഥാപിത താല്പര്യമനുസരിച്ച്  വില നിശ്ചയിക്കുകയും കൃഷിക്കാർ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ ഇനിയെങ്കിലും അവസാനിപ്പിക്കണം. നെല്ല് സംഭരണ കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.

    റബ്ബർ വില സ്ഥിരതാ ഫണ്ട് 250 രൂപയാക്കി മാറ്റേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്. യു.ഡി.എഫ് സർക്കാരിന് വേണ്ടി മുൻ ധനകാര്യ മന്ത്രി കെ.എം മാണി സാർ റബ്ബറിന് ഏർപ്പെടുത്തിയ 150 രൂപയുടെ താങ്ങുവില കർഷകർക്ക് താങ്ങ് ആകുന്ന വിധത്തിൽ വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു. 

   മദ്ധ്യ തിരുവിതാംകൂറിൽ ഇപ്രാവശ്യം വ്യാപകമായി നടപ്പാക്കിയ കപ്പ കൃഷി നഷ്ടത്തിലായ സാഹചര്യം കണക്കിലെടുത്ത് സർക്കാർ കർഷകരെ സഹായിക്കാൻ തയ്യാറാകണം. എ.ഐ.എം.എസ് പോർട്ടൽ മുഖാന്തിരം കപ്പ കൃഷിക്കാർ രജിസ്റ്റർ ചെയ്തത് 5% മാത്രമാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വേണ്ടത് പോലെ കൃഷിക്കാർക്ക് പരിചിതമല്ലാത്ത സാഹചര്യം കണക്കിലെടുത്ത് കപ്പ കൃഷി നടത്തിയ മുഴുവൻ കർഷകർക്കും താങ്ങു വിലയുടെ പ്രയോജനം ലഭ്യമാക്കാൻ സർക്കാർ ഇളവ് കൊടുക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. 

   ലൈഫ് പദ്ധതിയുടെ വിവാദങ്ങൾ അവസാനിപ്പിച്ച് പരമാവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. അഞ്ച് വർഷത്തെ ഭരണ കാലഘട്ടത്തിനിടയിൽ ഒരു വീട് മാത്രം ഒരു വാർഡിൽ ലഭിക്കുന്ന ദുരവസ്ഥയാണ് ഇപ്പോൾ നില നിൽക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അപേക്ഷ നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഭവന രഹിതർക്ക് വീട് ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ ലൈഫ് പദ്ധതി കാര്യക്ഷമമാക്കി മാറ്റണം. അഴിമതി
രഹിതമായി ഭവന നിർമ്മാണ പദ്ധതി നടപ്പാക്കാൻ കഴിയണം. ഇക്കാര്യങ്ങളാണ് ലൈഫ് പദ്ധതിയിൽ പ്രതിപക്ഷം ചൂണ്ടി കാണിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ്  വ്യക്തമാക്കി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ എല്ലാ പാവപ്പെട്ടവർക്കും  വീട് ലഭ്യമാക്കാൻ കഴിയുന്ന നല്ല കാലം സർക്കാർ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 

    നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സംസ്ഥാനത്തൊട്ടാകെ ഉണ്ടായ വിജയം അംഗീകരിക്കുന്നു. എന്നാൽ ഈ വിജയത്തിന്റെ പിന്നിൽ എൽ.ഡി.എഫ് - ബി.ജെ.പി സഹകരണം ഒളിച്ചിരിപ്പുണ്ടെന്ന് ആർക്കും മനസ്സിലാകുന്ന വസ്തുതയാണ്. കാരണം ബി.ജെ.പിയുടെ വോട്ടുകൾ കുറഞ്ഞത് എൽ.ഡി.എഫിന് ലഭിച്ചത് കൊണ്ടാണ് കൂടുതൽ സീറ്റുകൾ ജയിക്കാൻ കഴിഞ്ഞത്.


ഇത്രയേറെ വിവാദങ്ങളിലൂടെ കടന്ന് പോയ മറ്റൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ല. അഴിമതി ആരോപണങ്ങൾ മൂലം പ്രതിക്കൂട്ടിലായിരുന്ന എൽ.ഡി.എഫ് സർക്കാർ എന്നിട്ടും ഭരണത്തിലേക്കെത്തിയതിന് പിന്നിൽ ബി.ജെ.പിയുടെ സഹായം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. ഓരോ മണ്ഡലത്തിലും ബി.ജെ.പിയുടെ കുറത്ത വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചിരുന്നെങ്കിൽ അധികാരത്തിൽ വരുന്നത് യു.ഡി.എഫ് ആകുമായിരുന്നു. മറിച്ച് സംഭവിച്ചത് ബി.ജെ.പിയുടെ വോട്ടുകൾ എൽ.ഡി.എഫ് വാങ്ങിച്ചെടുത്തത് കൊണ്ടാണെന്ന് മോൻസ് ജോസഫ്  വ്യക്തമാക്കി.