Latest News
Loading...

ഡിപ്പോകളിൽ നിന്നും KSRTC ബസുകൾ തിരികെ കൊണ്ടു പോകുന്നു


പാലാ: കെ എസ് ആർ ടി സി നിർദ്ദേശപ്രകാരം വിവിധ ഡിപ്പോകളിൽ നിന്നും ബസുകൾ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊൻകുന്നം, കോട്ടയം, എരുമേലി ഡിപ്പോകളിൽ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്. ഏറ്റവും കൂടുതൽ ബസുകൾ തിരികെ എടുത്തത് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമാണ്. ഇരുപതെണ്ണം. അറ്റകുറ്റപ്പണികൾക്കും മറ്റുമായിട്ടാണ് ഇവ തിരികെ കൊണ്ടുപോയിരിക്കുന്നതെന്നാണ് ഇതേക്കുറിച്ച് കെ എസ് ആർ ടി സി നൽകിയിരിക്കുന്ന വിശദീകരണം.

ഈരാറ്റുപേട്ട ( 20 ബസുകൾ), വൈക്കം (19), പാലാ (18), പൊൻകുന്നം (16), കോട്ടയം (15), എരുമേലി(7) എന്നീ ഡിപ്പോകളിൽ നിന്നുമാണ് ബസുകൾ തിരികെ കൊണ്ടുപോയത്. ഡിപ്പോകളിൽ ഇനി മുതൽ സർവ്വീസ് നടത്തുന്ന ബസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പുതിയ സർവ്വീസുകൾ അനുവദിക്കുമ്പോഴും അറ്റകുറ്റപണികൾക്കു വേണ്ടി സർവീസിലുള്ള ബസുകൾ മാറ്റുമ്പോഴും ആവശ്യമായ ബസുകൾ അതത് ഡിപ്പോകൾക്കു ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സർവ്വീസുകൾ ഇല്ലാതെ ഡിപ്പോകളിൽ ബസുകൾ കടന്ന് നശിക്കപ്പെടുന്നത് ഒഴിവാക്കാനും ബസുകൾ കുറവുള്ള സ്ഥലങ്ങളിൽ ബസുകൾ ലഭ്യമാക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായി അധികൃതർ അവകാശപ്പെടുന്നു. സിഎൻജി, ഇലക്ട്രിക്കൽ സംവീധാനമൊരുക്കൽ മുതലായവ നടത്തി ആധുനീകരിക്കലും ലക്ഷ്യമിടുന്നുണ്ട്.

കെ എസ് ആർ ടി സി പുതുതായി ലഭ്യമാക്കുന്ന മിനി ബസുകളിൽ പത്തെണ്ണം പാലായ്ക്ക് ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയും കെ എസ് ആർ ടി സി അധികൃതരുമായി എം എൽ എ ചർച്ച നടത്തി. ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള ചെറിയ റൂട്ടുകളിൽ സർവ്വീസ് നടത്താൻ മിനി ബസുകൾ ആവശ്യമാണെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. പാലായിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments