Latest News
Loading...

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം e മലയാളം' : ഡോ. അനിൽ വള്ളത്തോൾ

 വാകക്കാട്: മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം ഇ മലയാളം' എന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ തുടക്കം കുറിച്ച മധുരം ഇ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിി. അൽഫോൻസാമ്മയുടെ അദ്ധ്യാപനത്താൽ ധന്യമായ വാകക്കാട് സ്കൂൾ പവിത്രത കൊണ്ടും നിഷ്കളങ്ക സ്നേഹം കൊണ്ടും മഹനീയത കൈവരിച്ച സ്ഥാപനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 കോവിഡ് കാലഘട്ടം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എഴുത്തും വായനയും കുട്ടികളിൽ സവിശേഷമായ ഉണർവും ഉത്സാഹവും ഉണ്ടാക്കുമെന്നും സാഹിത്യം അറിവുകൾക്കപ്പുറം തിരിച്ചറിവിലേക്കും തിരിച്ചറിവിലൂടെ വിവേകപൂർണമായ ജീവിതത്തിലേക്കും നമ്മെ നയിക്കുന്നവെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. 

 വായനയിലൂടെ മുഴുവൻ ലോകത്തെ സ്നേഹിക്കുവാനും സകല ജീവികളോടും സഹാനുഭൂതിയോടുകൂടി പെരുമാറുവാനും ഉള്ള സർഗ്ഗപരമായ വിവേകബുദ്ധി നമ്മുക്കുണ്ടാവണം എന്ന് കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്‌ബോധിപ്പിച്ചു. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിച്ചു.

 ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കുി. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് , ഹെഡ്മിസ്ട്രസ് സി. ടെസ്സ് , ജോൺസ് മോൻ എന്നിവർ പ്രസംഗിച്ചു.

 കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുന്നതിനൊപ്പം എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയും കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം e മലയാളം. 

 പരിപാടികളുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, അലന്‍ അലോഷ്യസ്, സന്തോഷ് തോമസ്, സി. പ്രീത, മനു കെ ജോസ്, ജൂലിയ അഗസ്റ്റിന്‍, സി. കൃപ, ബെന്നി ജോസഫ്, സി. മേരിക്കുട്ടി ജോസഫ്, സി.ജിൻസി, സി.ജാസ്മിന്‍, ജോസഫ് സെബാസ്റ്റ്യൻ, ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജൂലി തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.

Post a Comment

0 Comments