Latest News
Loading...

സഹായവിതരണത്തില്‍ പക്ഷപാതം ആരോപിച്ച് ലഭിച്ചവ തിരികെ നല്‍കി DYFI


ഈരാറ്റുപേട്ട നഗരസഭയില്‍ യുഎഇ ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മ നല്‍കിയ സഹായം സന്നദ്ധസംഘടനകള്‍ക്കായി  നല്‍കിയതില്‍ നഗരസഭ പക്ഷപാതം കാട്ടിയതായി ആരോപണവുമായി ഡിവൈഎഫ്‌ഐ. ഇതില്‍ പ്രതിഷേധിച്ച് ലഭിച്ച മെഡിക്കല്‍ സാധനങ്ങള്‍ ഡിവൈഎഫ്‌ഐ തിരികെ നല്‍കി.

പിപിഇ കിറ്റുകള്‍, മാസ്‌ക്, ഓക്‌സി മീറ്റര്‍ എന്നിവയടക്കമാണ് യുഎഇ പ്രവാസി അസോസിയേഷന്‍ അയച്ചുനല്കിയത്. ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിനായാണ് ഇവ നല്കിയത്. എന്നാല്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കായി സാധനങ്ങള്‍ മാറ്റിയതായും 20 പിപിഇ കിറ്റുകളും മാസ്‌കുകളും മാത്രമാണ് ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

പിപിഇ കിറ്റുകള്‍ സിഎഫ്എല്‍ടിസിയ്ക്ക് നല്കാനാണ് നീക്കം. എന്നാല്‍ അത് ആരോഗ്യവകുപ്പില്‍ നിന്നും യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. നഗരസഭ വിതരണംചെയ്ത സാധനങ്ങളുമായി തിരികെയെത്തിയ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സണുമായി തര്‍ക്കിക്കുകയും ലഭിച്ച സാധനങ്ങള്‍ തിരികെ ഏല്‍പിച്ച് മടങ്ങുകയുമായിരുന്നു.


അതേസമയം, ഡിവൈഎഫ്‌ഐയുടെ ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. സന്നദ്ധരംഗത്തുള്ളവര്‍ക്ക് നല്കാനായാണ് സാധനങ്ങള്‍ ലഭിച്ചത്. 12 സംഘടനകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് തുല്യമായി നല്കിയതിനൊപ്പം കരുണ, തണല്‍, നന്‍മക്കൂട്ടം പോലുള്ള സംഘടനകള്‍ക്കായും ഇവ നല്കുന്നതിനാണ് തീരുമാനിച്ചത്. സാധനങ്ങള്‍ നല്കിയവരുമായി ആലോചിച്ച്, അവരുടെ സമ്മതത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

മറ്റ് സംഘടനകള്‍ക്കൊന്നുമില്ലാത്ത പരാതിയാണ് ഡിവൈഎഫ്‌ഐയ്ക്കുള്ളതെന്നും അവര്‍ പറഞ്ഞു.എഐവൈഎഫും ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടില്ല. നഗരസഭ ചെയ്യുന്ന എല്ലാ കാര്യത്തിലും രാഷ്ട്രീയം കാണുന്ന നിലപാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു. 

Post a Comment

0 Comments