Latest News
Loading...

പല്ലാട്ട് ബ്രഹ്‌മദത്തന്റെ സാരഥി കുന്നക്കാട്ട് ദാമോദരന്‍ നായര്‍ നിര്യാതനായി


ളാക്കാട്ടൂര്‍: മുതിര്‍ന്ന ആന തൊഴിലാളി ളാക്കാട്ടൂര്‍ കുന്നക്കാട്ട് ദാമോദരന്‍ നായര്‍ (ഓമനചേട്ടന്‍ - 74) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. 


കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ആന തൊഴിലാളി ആയ ദാമോദരന്‍ നായര്‍ കഴിഞ്ഞ 25 വര്‍ഷമായി പല്ലാട്ട് ബ്രഹ്‌മദത്തന്റെ സാരഥി ആണ്.


ആറു പത്തിറ്റാണ്ട് കാലത്തെ ആന തൊഴില്‍ രംഗത്ത് ദാമോദരന്‍ നായര്‍ വേറിട്ട ആള്‍ ആയിരുന്നു. സ്‌നേഹമുള്ളവരുടെ ഇടയില്‍ ഓമനചേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന ദാമോദരന്‍ നായര്‍ക്ക് ആനയോട് ഉള്ള സ്‌നേഹവും പരിചരണവും വിഖ്യാതമാണ്.


അപകടത്തില്‍ നിന്നും അദ്ഭുതകരമായി അദ്ദേഹത്തെ രക്ഷിച്ച ആനയുടെ സ്‌നേഹം അദ്ദേഹത്തിന്റെ ആന സ്‌നേഹത്തിന്റെ ഉദാഹരണം ആണ്. 


തൃശൂര്‍ പൂരം, കൂടല്‍മാണിക്യം, ആറാട്ടുപുഴ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ദാമോദരന്‍ നായര്‍. കോട്ടയം, തിരുവാര്‍പ്പ് ആനയോട്ടത്തിന് അദ്ദേഹത്തിന്റെ സാമീപ്യം കൊണ്ട് മാത്രം പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചടങ്ങ് പൂര്‍ത്തിയാക്കുന്ന കാഴ്ച ഇനി ഓര്‍മ്മകള്‍ മാത്രം.


ആന പ്രേമികളുടെ ഇടയില്‍ നിരവധി ആരാധകരുള്ള ദാമോദരന്‍ നായരെ നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിട്ടുണ്ട്.


ഭാര്യ പരേതയായ വിജയമ്മ എരമല്ലൂര്‍ മലയില്‍ കുടുംബാംഗമാണ്.


മക്കള്‍: പ്രദീപ്, പ്രീത, പ്രിയ.

മരുമക്കള്‍: സിനി പ്രദീപ് (പുതുപ്പള്ളി), അനില്‍കുമാര്‍ (മാലം), രാജേഷ് (ചെങ്ങളം, കല്യാണ്‍ സില്‍ക്ക്‌സ്)