Latest News
Loading...

ചേർപ്പുങ്കൽ സമാന്തര പാലം; പ്രശ്ന പരിഹാരത്തിന് ഉന്നതതല ചർച്ച നടത്തി.



പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രാഥമിക ധാരണ ഉണ്ടാക്കിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ അറിയിച്ചു. 

    കേരള ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചത് പ്രകാരമുള്ള ഹിയറിംഗ് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നടന്നു. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച പിശകുകൾ ആറ് ആഴ്ചയ്ക്കകം പരിശോധിച്ച് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി  എം.എൽ.എമാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും നിയമ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. ഇതേ തുടർന്ന് ഇന്ന് നടത്തിയ ഹിയറിംഗിൽ പാലത്തിന്റെ പ്രവർത്തി ഏറ്റെടുത്തിട്ടുള്ള മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് കമ്പനി പ്രതിനിധികൾ വകുപ്പ് തലത്തിൽ ഉണ്ടായ അപാകത പിശകുകളും രേഖാമൂലം ചൂണ്ടിക്കാണിച്ച് കൊണ്ട് സ്റ്റേറ്റ്മെന്റ്  അവതരിപ്പിച്ചു. 

ഇക്കാര്യം പരിശോധിച്ച് കൊണ്ട് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ബ്രിഡ്ജസ് വിഭാഗം എൻജിനീയർമാരും ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകം ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിൽ നടത്തിയ അവലോകനത്തിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിംഗ് നേതൃത്വം നൽകി. 

   ചേർപ്പുങ്കൽ പാലം നിർമ്മാണം പുനരാംരംഭിക്കേണ്ടതിന്റെ അടിയന്തിര സാഹചര്യം ചർച്ചയിൽ പങ്കെടുത്ത അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ ചൂണ്ടിക്കാണിച്ചു. 

    ചേർപ്പുങ്കൽ പാലത്തിന്റെ അംഗീകൃത ഡിസൈനും, ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റും വിശദമായി പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. വകുപ്പ് തലത്തിൽ നടത്തിയ വിലയിരുത്തലിലൂടെ 23 ലക്ഷം രൂപയുടെ കുറവ് എസ്റ്റിമേറ്റിൽ വന്നിട്ടുള്ളതായി കണ്ടെത്തി. 

    പ്രവർത്തി ഏറ്റെടുത്ത കമ്പനിയോടും നിരക്കുകളുടെ വ്യത്യാസം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറി നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. ചേർപ്പുങ്കൽ പാലത്തിന്റെ എസ്റ്റിമേറ്റിൽ ചില ക്ലറിക്കൽ മിസ്റ്റേക്കുകൾ ഉണ്ടായിട്ടുള്ളതായി ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയർ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യം എം.എൽ.എമാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ചൂണ്ടിക്കാണിച്ചു. 

ഭരണാനുമതി ലഭിച്ചിരിക്കുന്ന തുകയുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എസ്റ്റിമേറ്റ് പുന: ക്രമീകരിക്കുന്ന നിർദ്ദേശമാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് വച്ചിരുന്നത്. എന്നാൽ ധനകാര്യ വകുപ്പ് ഇതിനോട് യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പും, പാലം നിർമ്മാണം ഏറ്റെടുത്ത കമ്പനിയും അധികമായി വരുന്ന തുക കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചത്. ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നത് സംബന്ധിച്ച് എം.എൽ.എമാരും, പ്രിൻസിപ്പൽ സെക്രട്ടറിയും ചർച്ച ചെയ്ത് ധാരണയിലെത്തി.

 ഇക്കാര്യങ്ങളുടെ വെളിച്ചത്തിൽ മന്ത്രിതല യോഗം ചേരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഡിപ്പാർട്ട്മെന്റ്  സമർപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജന പ്രതിനിധികളെയും, പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട്  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിന് അന്തിമ തീർപ്പ് ഉണ്ടാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതേ തുടർന്ന് ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് പരമാവധി വേഗത്തിൽ സാഹചര്യം ഉണ്ടാക്കാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ വ്യക്തമാക്കി.

    പാലം നിർമാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർ സ്ട്രക്ച്ചർ നിർമ്മാണ പ്രവർത്തനങ്ങളാണ് മുഖ്യമായി ഇനി നടക്കാനുള്ളത്. പാലത്തിന് വേണ്ടി നിർമ്മിച്ച തൂണുകളുടെ മേൽഭാഗത്ത് കമ്പി തെളിഞ്ഞ് തുരുമ്പെടുക്കുന്ന സ്ഥിതി നാശ നഷ്ടത്തിന് ഇടയാക്കുന്നതാണ്. നിലവിലുള്ള പഴയ പാലം സുരക്ഷിതമാക്കി മാറ്റേണ്ടതും അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് മന്ത്രി തലത്തിലുള്ള ചർച്ചയ്ക്ക് മുമ്പായി സ്പെഷ്യൽ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകുമെന്നും എം.എൽ.എമാർ അറിയിച്ചു.


Post a Comment

0 Comments