Latest News
Loading...

ഇ- കൊമേഴ്‌സ് വിപണികൾക്ക് നിയന്ത്രണം: ഫ്‌ലാഷ് സെയ്‌ലിനും കടിഞ്ഞാൺ

രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കി. ഇടയ്ക്കിടയ്ക്കുള്ള ഫ്‌ലാഷ് സെയ്‌ലുകൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കരട് നിയമത്തിൽ പറയുന്നു. സാധനങ്ങൾ ഉപയോക്താവിന് ഡെലിവർ ചെയ്തില്ലെങ്കിൽ ഇ-കൊമേഴ്‌സ് സംരംഭകർക്ക് പിഴ ചുമത്താനും നിർദ്ദേശമുണ്ട്. ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും നിർബന്ധമാക്കും.

സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ചീഫ് കം‌പ്ലെയിന്റ്സ് ഓഫീസറെ നിയമിക്കണമെന്നും കരട് രേഖയിൽ പറയുന്നു.

ഫ്‌ലാഷ് സെയ്ൽ പൂർണമായും നിരോധിക്കില്ല. എന്നാൽ, ഉയർന്ന വിലക്കിഴിവ് നൽകുന്നതും തുടരെയുള്ള ഫ്‌ലാഷ് സെയിലുകൾ അനുവദിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ചില പ്രത്യേക ഉത്പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനാലാണിത്. കരട് ഭേദഗതികൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അടുത്ത മാസം 6-ാം തീയതി വരെ സമയമുണ്ട്.

Post a Comment

0 Comments