Latest News
Loading...

ടവറുണ്ട്. പക്ഷേ 2ജി മാത്രം. മൂന്നാംതോടുകാര്‍ക്ക് റേഞ്ച് തപ്പി നടക്കാന്‍ വിധി

 


നഗരപ്രദേശത്ത് നിന്നും രണ്ടരകിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു എങ്കിലും പ്രദേശത്തെ വീടുകളില്‍ ഒരു മൊബൈല്‍ കമ്പനിയുടെയും റേഞ്ച് ലഭിക്കാത്തതിന്റെ ദുരിതത്തിലാണ് തിടനാട് പഞ്ചായത്തിലെ മൂന്നാംതോട് നിവാസികള്‍. ചുറ്റും സ്വകാര്യ കമ്പനികളുടേത് അടക്കം ടവറുകള്‍ ഉണ്ടെങ്കിലും പലപ്പോഴും 3ജി പോലും ലഭിക്കാറില്ല. ക്ലാസുകള്‍ കൂടി ആരംഭിച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളും വിഷമവൃത്തത്തിലാണ്. 




അടുത്തുള്ളത് ബിഎസ്എന്‍എല്‍ ടവര്‍. ലഭിക്കുന്നത് ടു.ജി നെറ്റുവര്‍ക്ക്. അതും പലപ്പോഴും ലഭ്യമാകാറില്ല. സ്വകാര്യ കമ്പനികളുടെ റേഞ്ച് കിട്ടണമെങ്കില്‍ പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളിലേയ്ക്ക് പോകണം. ഇതാണ് ചിറ്റാറ്റിന്‍കര മൂന്നാംതോട് നിവാസികളുടെ അവസ്ഥ. കറന്റ് പോകുന്നതും പതിവ് സംഭവമായതിനാല്‍ ക്‌ളാസ് കൂടണമെങ്കില്‍ യൂട്യൂബില്‍ കയറണം. പക്ഷേ റേഞ്ച് കിട്ടാന്‍ കുട്ടികളെല്ലാം സമീപത്തെ കലുങ്കിന് സമീപം ഒത്തുകൂടുന്നത് പ്രദേശത്തുകാര്‍ക്ക് പതിവ് കാഴ്ച. വീട്ടിനുള്‌ളില്‍ ഒരു ബാര്‍ മാത്രമാണ് റേഞ്ച് ലഭിക്കുക.   



50-ലധികം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരും പ്രദേശത്തെ താമസക്കാരായുണ്ട്. കേബിള്‍വഴിയുള്ള നെറ്റ് സൗകര്യം ചിലരെങ്കിലും ഉപയോഗിക്കുമ്പോള്‍, മാസംതോറും അത്രയും തുക മുടക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവരാണ് ഏറെയും.




4ജി സേവനം നല്‍കുന്ന സ്വകാര്യ കമ്പനികളുടെ സിഗ്നല്‍ കൂടുതല്‍ ലഭിച്ചാല്‍ പ്രശ്‌നപരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് എംഎല്‍എയ്ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്വാകര്യ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ മറുപടിയുടെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് വിദ്യാര്‍ത്ഥികളടക്കമുള്ള നാട്ടുകാര്‍