Latest News
Loading...

ലോക്ക് ഡൗൺ ലംഘനം: ജോസ് കെ മാണിക്കെതിരെ പോലീസിൽ പരാതിപ്പെട്ട് യൂത്ത് കോൺഗ്രസ്.


മഹാമാരിയുടെ കാലത്ത് രോഗം നിയന്ത്രിക്കുന്നതിനായി ദുരന്തനിവാരണ നിയമപ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന ലോക്കഡൗണിൽ അതിൻറെ നഗ്നമായ ലംഘനമാണ് ജോസ് കെ മാണി രാഷ്ട്രീയ പ്രചരണങ്ങൾക്ക് വേണ്ടി നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പോലീസിൽ പരാതിപ്പെട്ടു. 

അടിക്കടി കറണ്ട് പോകുന്നു പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്നലെ കെഎസ്ഇബി ഓഫീസിൽ എത്തി അദ്ദേഹം ജനങ്ങളുടെ പരാതി ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു എന്ന നിലയിൽ  പത്രവാർത്തകൾ വന്നിരുന്നു. ഇതിനെ സംബന്ധിച്ച് കുറിപ്പ് അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഇത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആയിരുന്നെങ്കിൽ സ്വന്തം പാർട്ടിയിൽ പെട്ട ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അദ്ദേഹത്തിന് അയയ്ക്കാം ആയിരുന്നു. അല്ലെങ്കിൽ ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷി യുടെ ചെയർമാൻ എന്ന നിലയിൽ ഫോൺ ചെയ്തു പറഞ്ഞിരുന്നെങ്കിൽ പോലും ഉദ്യോഗസ്ഥർ അടിയന്തര പ്രാധാന്യം കൊടുത്തു വിഷയത്തിൽ പരിഹാരം കണ്ടേനെ. 


ഇതെല്ലാംആയിരിക്കെ വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം നടത്തുവാൻ വേണ്ടി ഈ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമത്തിൻറെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണം എന്നാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, പാലാ ഡിവൈഎസ്പി എന്നിവർക്ക് ഇ-മെയിലായി പരാതി അയച്ചുകൊടുക്കുകയും പരാതിയുടെ കോപ്പി കോട്ടയം ജില്ലാ പോലീസ് മേധാവി ക്കും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർക്കും ഈ മെയിലിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

 പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ജോസ് കെ മാണി നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണങ്ങൾ ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യത്തിനും വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. നിയമ വ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുണ്ടെന്നും, കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു.

Post a Comment

0 Comments