കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക, കുടുംബ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡിതര രോഗികൾക്ക് ചികിൽസ തേടുന്നതിന് ഡോക്ടർമാരുമായി വീഡിയോ കോളിലൂടെ സംസാരിച്ച് രോഗ ചികിൽസ തേടുന്നതിനുള്ള ടെലി മെഡിസിൻ കൺസൽട്ടേഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലതല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. കൂടാതെ നിയോജകമണ്ഡലത്തിലെ സി എഫ് എൽ റ്റി സികൾ, ഡിസിസികൾ ഇവയുടെ പ്രവർത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മികച്ച നിലയിൽ നടത്തുന്നതിനും, വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് പരമാവധി ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ , ആൻറ്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ വ്യാപകമാക്കുന്നതിനും അതിനായി പ്രത്യേക ക്യാംപുകൾ നടത്തുന്നതിനും , ഡെങ്കിപ്പനി ഭീഷണിയുടെയും മറ്റും സാഹചര്യത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിനും നിശ്ചയിച്ചു.
യോഗത്തിൽ എം എൽ എയെ കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജഗദീഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, NHM ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. വിദ്യാധരൻ, കൊറോണ സെൽ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
0 Comments