Latest News
Loading...

റെഗുലേറ്ററും, പമ്പ് ഹൗസും സ്ഥാപിക്കുന്ന പദ്ധതിക്ക് രൂപം നൽകും. - അഡ്വ. മോൻസ് ജോസഫ്


കടുത്തുരുത്തി: മുളക്കുളം ഇടയാറ്റ് പാടത്ത് വെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനും, നെൽകൃഷി സംരക്ഷിക്കുന്നതിനും വേണ്ടി ഷട്ടറുള്ള റെഗുലേറ്റർ സ്ഥാപിക്കുന്നതിന് ആവശ്യമായ പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.

   മുളക്കുളം ഇടയാറ്റ് പാടത്ത് വെള്ളം കയറി കൃഷി നശിക്കാൻ ഇടയായ സാഹചര്യത്തിൽ സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖര കമ്മറ്റിയും, വിവിധ ജന പ്രതിനിധികളും ആവശ്യപ്പെട്ടത് പ്രകാരം മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുകയും പദ്ധതി രൂപീകരണം സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തത്.

   മൂവാറ്റുപുഴ ആറ്റിലെ വെള്ളം കൃഷിനാശത്തിന് ഇടയാക്കാതെ തടയുന്നതിനും, കൃഷി സമയത്ത് ഷട്ടർ അടച്ചിട്ടതിന് ശേഷം വെള്ളം പമ്പ് ചെയ്ത് കൃഷി ഇറക്കാൻ ഉള്ള സൗകര്യം ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. ഇതിനാവശ്യമായ പമ്പ് ഹൗസ് നിർമ്മിക്കുന്നതിനുള്ള നടപടിയും ഇതോടൊപ്പം സ്വീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിലുള്ള ട്രാൻസ്ഫോമറിന്റെ ശേഷി വർദ്ധിപ്പിക്കുന്ന കാര്യവും പ്രൊജക്ടിൽ ഉൾപ്പെടുത്തുന്നതാണ്. വെള്ളം സംഭരിക്കുന്ന റെഗുലേറ്റർ ഭാഗത്ത് തോടിന്റെ ഇരു ഭാഗവും സംരക്ഷണഭിത്തി നിർമ്മിക്കേണ്ടി വരും. റോഡിനോട് ചേർന്നുള്ള ഭാഗത്ത് ഇരു കരകളിലും സുരക്ഷിതത്വത്തിന് വേണ്ടി പാരപ്പറ്റ് നിർമ്മിക്കുന്നതും പ്രൊജക്ടിൽ ഉൾപ്പെടുത്താൻ എം.എൽ.എ നിർദ്ദേശം നൽകി.

   മൈനർ ഇറിഗേഷൻ കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുശീല രാജഗോപാൽ, അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എ മിനിമോൾ, അസ്സി. എൻജിനീയർ സാം പോൾ എബ്രഹാം എന്നിവരുടെ മേൽനോട്ടത്തിലാണ് മുളക്കുളം ഇടയാറ്റം പാടം റെഗുലേറ്റർ പ്രോജക്ട് തയ്യാറാക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രാധമിക എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും, കർഷക പ്രതിനിധികളുടെയും, സംയുക്ത യോഗം പ്രൊജക്ടിന് അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി വിളിച്ച് ചേർക്കുന്നതാണ്. ഇതിന് ശേഷം പദ്ധതി നിർവ്വഹണം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്നും എം.എൽ.എ വ്യക്തമാക്കി.

   കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതും ഇപ്പോൾ മുടങ്ങിക്കിടക്കുന്ന തുമായ പാടശേഖര ബണ്ടിന്റെ ഉയരം കൂട്ടുന്ന പ്രവർത്തി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നുള്ള കൃഷിക്കാരുടെ ആവശ്യത്തിന് പരമാവധി വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.എൽ. എസ്.ജി.ഡി കോട്ടയം ഡിവിഷൻ അധികൃതർക്ക് ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകുന്നതാണ്. 

   മുളക്കുളം ഇടയാറ്റ് പാടം സന്ദർശിച്ച ശേഷം നടത്തിയ ചർച്ചയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ, പഞ്ചായത്ത് മെമ്പർമാരായ അരുൺ കെ.ആർ, അനിത സണ്ണി, പോൾസൺ ബേബി, പാടശേഖര കമ്മറ്റി ഭാരവാഹികളായ ബൈജു ചെത്തുകുന്നേൽ, പുഷ്ക്കരൻ അരീക്കരയിൽ, ജയൻ മൂർക്കാട്ടിൽ, എം.ഒ ചാക്കോ, മുൻ മെമ്പർമാരായ ജെഫി ജോസഫ്, തോമസ് മുണ്ടുവേലി എന്നിവരും എം.എൽ.എ യോടൊപ്പം പങ്കെടുത്തു.

Post a Comment

0 Comments