Latest News
Loading...

മഴക്കെടുതി നേരിടാൻ മുന്നൊരുക്കം ആരംഭിച്ചു: മാണി സി കാപ്പൻ


പാലാ: മഴക്കെടുതിയെ നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ മീനച്ചിൽ താലൂക്കിൽ ആരംഭിച്ചതായി നിയുക്ത എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉന്നതതല യോഗം ഓൺലൈനിൽ ചേർന്നു. 

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം മുതലായവ ഉണ്ടായാൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക്  മാറ്റിപ്പാർപ്പിക്കുമ്പോൾ കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാൻ വിട്ടുവീഴ്ച്ചയുണ്ടാവരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണം ചെയ്യണം. ചെത്തിമറ്റം കുളംകണ്ടം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്നു ഗതാഗതം പോലും ദുസ്സഹമായതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഓടകൾ ശുചീകരിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തോടുകളിലും മീനച്ചിലാറ്റിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മറ്റും അടിയന്തിരമായി നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് നടപടിയെടുക്കണം. വൈദ്യുതി തടസ്സങ്ങൾക്കിടയാക്കിയേക്കാവുന്ന മരച്ചില്ലകൾ മാറ്റാൻ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ ഫയർഫോഴ്സിൻ്റെ സഹായവും തേടണം. വെള്ളപ്പൊക്കമുണ്ടായാൽ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സാമഗ്രികൾ ഫയർഫോഴ്‌സിനു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കാപ്പൻ നിർദ്ദേശിച്ചു. 

വീട്ടിലെ മുഴുവൻ ആളുകൾക്കും കോവിഡ് പോസിറ്റീവായവർക്കു ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പു വരുത്തണം. ജനറൽ ആശുപത്രി, പി എച്ച് സികൾ തുടങ്ങിയ ഇടങ്ങളിൽ ടെലിഫോൺ പ്രവർത്തന രഹിതമാണെന്ന പരാതി ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കായി ഇവിടങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പരുകൾ ആരംഭിക്കണമെന്നും മാണി സി കാപ്പൻ നിർദേശിച്ചു.

നിയുക്ത എം എൽ എ മാരായ മോൻസ് ജോസഫ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാലാ ആർ ഡി ഒ ആൻറണി സ്കറിയ, മീനച്ചിൽ തഹസീൽദാർ രഞ്ജിത് മാത്യു, പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments