Latest News
Loading...

തകർന്ന വീടുകളും, കൃഷി ഇടങ്ങളും മോൻസ് ജോസഫ് എം.എൽ.എ സന്ദർശിച്ചു.


കിടങ്ങൂർ: അതിരൂക്ഷമായ കൊടുങ്കാറ്റിലും, കനത്ത മഴയിലും കിടങ്ങൂർ പഞ്ചായത്തിലെ ചെമ്പ്ളാവ് പ്രദേശത്ത് തകർന്ന വീടുകളും, കൃഷിയിടങ്ങളും നാശനഷ്ടം സംഭവിച്ച വിവിധ സ്ഥലങ്ങളും കടുത്തുരുത്തിയുടെ നിയുക്ത എം.എൽ.എ അഡ്വ. മോൻസ് ജോസഫ് സന്ദർശിച്ചു.

   പ്രകൃതിക്ഷോഭത്തിൽ ചെമ്പ്ളാവ് പ്രദേശത്ത് വൻ നാശമാണ് ഉണ്ടായിട്ടുള്ളത്. വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് 15 ഓളം വീടുകളാണ് തകർന്നിരിക്കുന്നത്. രാവിലെ 7 മണിക്ക് എല്ലാവരും വീടുകളിൽ ഉണ്ടായിരുന്ന സമയത്ത് കുടുംബാംഗങ്ങൾക്ക് ആപത്തൊന്നും സംഭവിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.

   തകർച്ച നേരിട്ട വീടുകൾ പുതുക്കി നിർമ്മിക്കുന്നതിനും, കൃഷിനാശം സംഭവിച്ചവർക്കുള്ള ദുരിതാശ്വാസ തുക നൽകുന്നതിനും സർക്കാർ സത്യപ്രതിജ്ഞ ചെയ്താൽ ഉടനെ ഫണ്ട് അനുവദിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ കുടുംബങ്ങളുടെ ദുര:വസ്ഥ കണക്കിലെടുത്ത് സർക്കാർ സഹായം സാധാരണ കാലതാമസം ഒഴിവാക്കി ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. 

വീടുകൾ തകർന്നവർക്കും, കൃഷി നശിച്ചവർക്കും ഇപ്പോൾ നൽകി വരുന്ന തുക തികച്ചും അപര്യാപ്തമാണ്. ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം പരിഗണിച്ച് മാനുഷിക പരിഗണനയോടെ കൂടുതൽ തുക ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഉടനെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

   ചെമ്പ്ളാവിലുണ്ടായ കൊടുങ്കാറ്റിൽ വീടുകൾ തകർന്ന എല്ലാ സ്ഥലങ്ങളും മോൻസ് ജോസഫ് എം.എൽ.എ സന്ദർശിച്ചു. രാജു മാപ്പിളകുന്നേൽ, ലളിത മാപ്പിളകുന്നേൽ, ഹരികുമാർ തച്ചേട്ട്, അനിൽ കുമാർ തച്ചേട്ട്, രതികല രാമൻ, ഭദ്രൻ പുളിക്കൽ, ചാൾസ് കുര്യൻ ചാമക്കാലായിൽ, ഗീതാ ബാബു ചൂണ്ടമയിൽ, ഗോപാലൻ നെല്ലിപ്പുഴ, അജയൻ പറയാമറ്റം, സി.സി അപ്പു ചിറപ്പുറം, ഷാജി ചെറുകരകുന്നേൽ, കുമാരൻ ദേവശ്ശേരിൽ, മനോജ് ചവരംപ്ലാക്കീൽ എന്നിവരുടെ വീടുകളാണ് കൂടുതലായി തകർന്നിരിക്കുന്നത്. ഇതോടൊപ്പം കൃഷിനാശം സംഭവിച്ച അരുൺ ശശിധരൻ പാട്ടശ്ശേരിൽ, ടോമി പെരുമാനൂർ, ബിനോയി കരൂർ തുടങ്ങിയവർക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 

    നാശ നഷ്ടത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി എത്രയും പെട്ടെന്ന് സർക്കാരിലേക്ക് അറിയിക്കാൻ റവന്യൂ - കൃഷി വകുപ്പ് അധികൃതർക്ക് മോൻസ് ജോസഫ് എം.എൽ.എ നിർദ്ദേശം നൽകി.

   ചെമ്പ്ളാവിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക് മെമ്പർ പ്രൊഫ: മേഴ്സി ജോൺ, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, മുൻ മെമ്പർ ആന്റണി വളർകോട്, ഷാജു കാരാമയിൽ, മനോജ് പുളിക്കൽ, ബിബിൻ കട്ടിയാക്കൽ, ടോമി പെരുമാനൂർ, പ്രിൻസ് പുതിയാലിൽ 
എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments